Sunday, May 5, 2024
spot_img

പ്രായംചെന്ന പലരുടെയും ഓർമകളിൽ ഇന്നും പെയ്തിറങ്ങാറുള്ള പേടി സ്വപ്നം! പഴയ മൂന്നാറിനെ തകർത്തെറിഞ്ഞ വെള്ളപൊക്കം; കേരളത്തിന്‍റെ ഭൂപടം തന്നെ മാറ്റിവരച്ച കൊല്ലവർഷം 1099ലെ മഹാപ്രളയത്തിന് 100 വയസ്സ്…

99ലെ പ്രളയത്തെപ്പറ്റി കേട്ടിട്ടുണ്ടോ? നമ്മുടെ വീട്ടിലെ പ്രായംചെന്നവരോട് ചോദിച്ചാൽ ഒരുപക്ഷെ അറിയാൻ കഴിയുമായിരിക്കും. അവരുടെ ഓർമകളിൽ ഇന്നും പെയ്തിറങ്ങാറുള്ള ഒരു പേടി സ്വപ്നം തന്നെയാണ് ഈ ദുരന്തം. കേരളത്തിന്‍റെ ഭൂപടം തന്നെ മാറ്റിവരച്ച കൊല്ലവർഷം 1099ലെ മഹാപ്രളയത്തിന് 100 വയസ്സ് തികഞ്ഞു…1924 ജൂലൈ മാസത്തിലായിരുന്നു ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ആ മഹാപ്രളയം ഉണ്ടായത്. കൊല്ലവർഷം 1099ൽ ഉണ്ടായ ഈ വെള്ളപൊക്കത്തെ ’99ലെ പ്രളയ’മെന്നാണ് പഴമക്കാർ വിശേഷിപ്പിക്കുന്നത്. ഈ ദുരന്തം അന്ന് ഏറ്റവും കൂടുതൽ ബാധിച്ചത് മൂന്നാറിനെ ആയിരുന്നു. ഒപ്പം കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാർ ഒഴുകി കടലിൽ എത്തുന്നതുവരെയുള്ള ഭാഗങ്ങളിലും ഈ പ്രളയം വലിയ ദുരന്തം വിതച്ചു.

ബ്രിട്ടീഷുകാരുടെ വളരെ കാലത്തെ ശ്രമഫലമായി പൂർത്തിയാക്കിയ നിരവധി നിർമ്മിതികൾ 99ലെ പ്രളയം തകർത്തെറിഞ്ഞതായാണ് ചരിത്രം പറയുന്നത്. ബ്രിട്ടീഷ് അധിനിവേശ കാലത്ത് ബ്രിട്ടീഷുകാർ വിവിധ മേഖലയിലുള്ള മൂന്നാറിന്റെ വിപുലമായ സാധ്യതകൾ മനസ്സിലാക്കുകയായിരുന്നു. ഇപ്പോഴത്തെ പഴയ മൂന്നാർ ഭാഗത്ത് അക്കാലത്ത് നല്ലൊരു പട്ടണം തന്നെ ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയിരുന്നു. ഇവിടെ വിനോദത്തിനായി കുതിരപ്പന്തയ മൈതാനം, ക്ലബ്ബുകൾ, വാഹനങ്ങളുടെ അറ്റകുറ്റ നിർമ്മാണങ്ങൾക്കായി വർക്ക്‌ഷോപ്പുകൾ തുടങ്ങിയവയും ഉണ്ടായിരുന്നു. ഗതാഗത ആവശ്യത്തിനും ചരക്ക് നീക്കത്തിനും മറ്റ് നിർമ്മാണ പ്രവർത്തനങ്ങൾക്കുമായി മൂന്നാർ കുണ്ടള റെയിൽവേയും, റോപ്പ്‌വേയും പൂർത്തിയാക്കിക്കൊണ്ട് മൂന്നാറിന്റെ വലിയ വികസനമാണ് ബ്രിട്ടീഷുകാർ അന്ന് യാഥാർഥ്യമാക്കിയത്. എന്നാൽ 1924 ലെ കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ബ്രിട്ടീഷുകാർ രൂപപ്പെടുത്തിയ പട്ടണവും മറ്റ് മുഴുവൻ സൗകര്യങ്ങളും ഒലിച്ച് പോവുകയായിരുന്നു.

അന്ന് ജൂൺ- ജൂലൈ മാസത്തിൽ 485 സെന്റീ മീറ്റർ മഴ മൂന്നാറിൽ പെയ്തതായാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പ്രളയത്തിൽ മൂന്നാർ ഹെഡ് വർക്‌സ് ഡാമിന്റെ ഭാഗത്ത് 200 ഏക്കറിലേറെ കൃഷിഭൂമി ഒലിച്ചുപോയതായും ചരിത്രത്തിലുണ്ട്. ഇതോടൊപ്പം കോതമംഗലം, തട്ടേക്കാട്, പെരുമ്പൻ കുത്ത് വഴിയുള്ള പഴയ ആലുവ മൂന്നാർ രാജപാതയും തകർന്നു. അതിന് ശേഷമാണ് കോതമംഗലം, നേര്യമംഗലം, അടിമാലി വഴിയുള്ള ഇപ്പോഴത്തെ റോഡ് നിർമിച്ചത്.

1924 വെള്ളപൊക്ക ദുരന്തത്തിൽ നിന്നുമാണ് ഇന്ന് കാണുന്ന മൂന്നാറിലേക്കുള്ള രംഗ പ്രവേശം. അന്ന് ഇവിടെ പുതിയ നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്താനായി കരാർ ഏറ്റെടുത്തത് ശ്രീലങ്കയിൽ നിന്നെത്തിയ മരക്കാർ ആന്റ് കമ്പനിയായിരുന്നു. പുതിയ പട്ടണം പൂർത്തിയായപ്പോൾ അവരാണ് പഴയ പട്ടണത്തെ പഴയ മൂന്നാർ എന്നും പുതിയ പട്ടണത്തെ പുതിയ മൂന്നാർ എന്നും വിളിച്ച് തുടങ്ങിയതെന്നും പറയപ്പെടുന്നുണ്ട്. 1924 ജൂലൈ മാസത്തിലെ പഴയ വെള്ളപ്പൊക്കത്തെ ഓർമിപ്പിക്കും വിധമായിരുന്നു 2018 ൽ ജൂലൈ മാസത്തിൽ പ്രളയമെത്തിയത്. സാധാരണയായി മൂന്നാറിൽ പെയ്യുന്നത് 400- 450 സെന്റീ മീറ്റർ മഴയാണ്. എന്നാൽ എല്ലാ കണക്കുകളെയും തെറ്റിച്ചുള്ള മഴയായിരുന്നു 2018 ൽ ഉണ്ടായത്. 100 വർഷം മുമ്പ് കേരളത്തെ തന്നെ നടുക്കിയ ആ പ്രളയം ഉണ്ടാകാതിരുന്നുവെങ്കിൽ ബ്രിട്ടീഷ് സാങ്കേതിക വിദ്യയിൽ മനോഹരമായ പട്ടണമാക്കി ബ്രിട്ടീഷുക്കാർ മൂന്നാറിനെ മാറ്റുമായിരുന്നുവെന്ന വിലയിരുത്തലും ചരിത്ര നിരീക്ഷകർക്കിടയിലുണ്ട്. 1924ലെ വെള്ളപ്പൊക്കം കണ്ടവരിൽ ജിവിച്ചിരിക്കുന്നവർ ഇന്ന് അപൂർവമാണ്. എന്നാൽ പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള ആ പ്രളയത്തിന്റെ ഭീകരത ഓർമയിൽ വളരെ ഭീതിയാണ് ജനങ്ങൾക്ക് നൽകുന്നത്.

Related Articles

Latest Articles