പാങ്‌ഗോംഗ്: കിഴക്കൻ ലഡാക്കിൽ വീണ്ടും ഗൂഢനീക്കവുമായി ചൈന. ലഡാക്കിലെ പാങ്‌ഗോംഗ് ( Pangong Lake) സോ തടാക മേഖലയിൽ ചൈന പാലം (Chinese Construction Of Bridge) പണിയുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. തടാകമേഖലയിലെ സ്വന്തം പ്രദേശത്താണ് ചൈനയുടെ നിർമാണം. നേരത്തെ ചൈനയുടെയും ഇന്ത്യയുടെയും പട്ടാളക്കാർ ഏറ്റുമുട്ടിയ ഗാൽവൻ താഴ്വരയുടെ സമീപമാണ് ഈ നിർമാണം.
2020 ജൂണിലുണ്ടായ സംഘർഷത്തിന് ശേഷം ഇരുസൈന്യവും ഈ മേഖല ബഫർസോണായി പ്രഖ്യാപിച്ചിരുന്നു. 40 കിലോമീറ്റർ ദൈർഘ്യമുളള പാലമാണ് നിർമിക്കുന്നതെന്നാണ് വിവരം. ഗാൽവൻ സംഘർഷത്തിന് ശേഷം മേഖലയിൽ അടിസ്ഥാന സൗകര്യ വികസനം ഇന്ത്യയും ത്വരിതപ്പെടുത്തിയിരുന്നു. സൈനിക നീക്കങ്ങൾക്ക് സഹായിക്കുന്ന ഒട്ടേറെ സൗകര്യങ്ങളാണ് ഇവിടെ ഇന്ത്യ ഒരുക്കിക്കൊണ്ടിരിക്കുന്നത്.
അതേസമയം ചൈനീസ് മേഖലയിൽ ചെറു കോളനികളും വാച്ച് ടവറുകളും അടക്കം ചൈന നിർമിക്കുന്നതായി നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഭൗമ രഹസ്യാന്വേഷണ വിദഗ്ധനായ ഡാമിയൻ സിമോൺ ആണ് ട്വിറ്ററിലൂടെ ചിത്രം പുറത്തുവിട്ടത്. പാങ്‌ഗോംഗ് തടാകത്തിന്റെ വടക്ക് -തെക്ക് തീരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പാലം. സംഘർഷമുണ്ടാകുകയാണെങ്കിൽ പെട്ടെന്ന് സൈന്യത്തെ വിന്യസിക്കാൻ ലക്ഷ്യമിട്ടാണ് ചൈനയുടെ നീക്കമെന്നാണ് പ്രതിരോധ വിദഗ്ധരുടെ അഭിപ്രായം. എന്നാൽ ചൈനയുടെ ഈ നീക്കത്തെ ഇന്ത്യ വളരെ ശ്രദ്ധയോടെയാണ് നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.

