Friday, May 17, 2024
spot_img

വീണ്ടും ചൈനീസ് ചാരബലൂൺ !ഇത്തവണ പ്രത്യക്ഷപ്പെട്ടത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന തായ്‌വാനിൽ

പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരു മാസം മാത്രം അവശേഷിക്കെ രാജ്യത്തിന്റെ സമുദ്രാതിർത്തിയോട് ചേർന്ന് ചൈനീസ് നിരീക്ഷണ ബലൂണിന്റെയും ഫൈറ്റർ ജെറ്റിന്റെയും സാന്നിധ്യം സ്ഥിരീകരിച്ചതായി തായ്‌വാൻ പ്രതിരോധമന്ത്രാലയം. ഈ വരുന്ന ജനുവരി 13-നാണ് തായ്‌വാനിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക. അതിനാൽ തന്നെ തെരഞ്ഞെടുപ്പ് അടുത്ത് നിൽക്കേയുള്ള ചൈനയുടെ നീക്കം സംശയം ഉളവാക്കുന്നതായി തായ്‌വാൻ ഭരണകൂടം വ്യക്തമാക്കി.

ഇന്നലെ ഉച്ചയോടെ വടക്കൻ തായ്‌വാന് സമീപം കിലൂങ്ങിൽ കാണപ്പെട്ട ബലൂൺ, കിഴക്ക് പ്രദേശത്തേക്ക് സഞ്ചരിക്കുകയായിരുന്നു. അതോടൊപ്പം ചൈനീസ് ഫൈറ്റർ ജെറ്റുകളും മേഖലയിൽ കാണാനിടയായതായും തായ്‌വാൻ അറിയിച്ചു. അമേരിക്കയോട് തായ്‌വാൻ കൂടുതൽ അടുക്കുന്നുവെന്ന് സംശയമണ് ചൈനയുടെ നീക്കങ്ങൾക്ക് പിന്നിലെന്നാണ് കരുതപ്പെടുന്നത്.

ഈ വർഷം ജനുവരിയിൽ അമേരിക്കയിലും ചൈനീസ് ചാരബലൂൺ പ്രത്യക്ഷപ്പെട്ടത് വലിയ വാർത്തയായിരുന്നു . ജനുവരി 28 ന് അലാസ്‌കൻ വ്യോമാതിർത്തിയിൽ പ്രവേശിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർ ബലൂണിനെ ശ്രദ്ധിക്കുന്നത്. ദിവസങ്ങൾക്ക് ശേഷം സൗത്ത് കരോലിന തീരത്ത് നിന്ന് അമേരിക്കൻ സൈന്യം ബലൂണിനെ പിന്നീട് വെടിവച്ചിട്ടു. എന്നാൽ കാലാവസ്ഥാ നിരീക്ഷണ ബലൂണാണെന്നും ദിശമാറി ബലൂൺ അമേരിക്കൻ അതിർത്തി ലംഘിച്ചതാണെന്നുമായിരുന്നു ചൈനയുടെ അവകാശ വാദം

Related Articles

Latest Articles