Monday, May 6, 2024
spot_img

അഭിമാനം സൂര്യപ്രഭയെക്കാൾ തിളക്കത്തിൽ ! ആദിത്യ-എൽ1 പേടകം പകർത്തിയ സൂര്യന്റെ UV ചിത്രങ്ങൾ പുറത്ത് വിട്ട് ഐഎസ്ആർഒ

ഭാരതത്തിന്റെ സൗര ദൗത്യമായ ആദിത്യ-എൽ1 പേടകം അൾട്രാവയലറ്റ് തരംഗങ്ങൾ ഉപയോഗിച്ച് പകർത്തിയ ചിത്രങ്ങൾ ഐഎസ്ആർഒ പുറത്തു വിട്ടു. പേടകത്തിലെ സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് (എസ്‌യുഐടി) ഉപകരണമാണ് ചിത്രങ്ങൾ പകർത്തിയതെന്ന് ഐഎസ്ആർഒ അറിയിച്ചു. 200 മുതൽ 400 എൻഎം വരെ തരംഗദൈർഘ്യമുള്ള 11 വ്യത്യസ്ത ഫിൽട്ടറുകൾ ഉപയോഗിച്ചാണ് ചിത്രങ്ങൾ എടുത്തത്.

സൂര്യകളങ്കങ്ങൾ, പ്ലേഗ്, ശാന്തമായ സൂര്യ പ്രദേശങ്ങൾ എന്നിവ വ്യക്തമായി കാണാനാകുന്നതാണ് ചിത്രങ്ങൾ. സൂര്യന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് താരതമ്യേന തണുപ്പുള്ളതിനാൽ സൂര്യകളങ്കങ്ങൾ കാഴ്ചയിൽ ഇരുണ്ടതാണ്. പൂനെയിലെ ഇന്റർ-യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ (IUCAA) 50 ശാസ്ത്രജ്ഞരും ഗവേഷകരും വിദ്യാർത്ഥികളും അടങ്ങുന്ന ഒരു സംഘം വികസിപ്പിച്ചെടുത്ത ആദിത്യ-L1-ലെ ഏഴ് പേലോഡുകളിൽ ഒന്നാണ് സോളാർ അൾട്രാവയലറ്റ് ഇമേജിംഗ് ടെലിസ്‌കോപ്പ് എന്നത് ശ്രദ്ധേയമാണ്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിന്റെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് സെപ്റ്റംബർ രണ്ടിനാണ് ആദിത്യ എൽ- 1 പേടകം വിക്ഷേപിച്ചത്. ഐഎസ്ആർഒയും വിവിധ ദേശീയ ഗവേഷണ ലബോറട്ടറികളും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏഴ് ശാസ്ത്രീയ പേലോഡുകളാണ് ആദിത്യ-എൽ1-ൽ സജ്ജീകരിച്ചിരിക്കുന്നത്. IUCAA യെ കൂടാതെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ (IIA) ഗവേഷകരും പേലോഡുകൾ വികസിപ്പിക്കുന്നതിൽ പങ്കാളികളായി.

ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലെഗ്രാഞ്ച് വൺ പോയന്റാണ് പേടകത്തിന്റെ ലക്ഷ്യസ്ഥാനം.15 കോടി കിലോമീറ്ററാണ് ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ദൂരം. അതിന്റെ ഒരു ശതമാനം മാത്രം അകലെയാണ് എൽ1.ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകർഷണ ബലം തുല്യമായ നാല് ബിന്ദുക്കളിൽ ഒന്നാണ് ഇത്. ആകാശ ഗോളങ്ങളുടെ നിഴൽ വീഴാത്ത ഇവിടെ നിന്ന് തടസമില്ലാതെ സൂര്യനെ നിരീക്ഷിക്കാം

Related Articles

Latest Articles