Sunday, May 19, 2024
spot_img

ദലൈലാമയെ ദുരൂഹമായി പിന്തുടർന്ന് വീണ്ടും ചൈനീസ് വനിത; ചാരപ്രവർത്തനമെന്ന് സംശയം; വിസാ നിയമം ലംഘിച്ച് ഇന്ത്യയിൽ തുടർന്ന വിദേശയുവതിയെ നാടുകടത്തും; ദലൈലാമക്കും ബുദ്ധവിഹാരങ്ങൾക്കും സുരക്ഷ ശക്തമാക്കി സർക്കാർ

ദില്ലി: സംശയാസ്പദമായ സാഹചര്യത്തിൽ ബീഹാറിലെ ഗയയിൽ നിന്നും ചൈനീസ് യുവതി പിടിയിലായി. ദലൈലാമയെ പിന്തുടർന്ന് ചാരപ്രവർത്തനം നടത്തുകയാണോ യുവതിയുടെ ഉദ്ദേശമെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ഇന്ന് മുതൽ ദലൈലാമക്ക് മൂന്നുദിവസം ഗയയിൽ വിവിധ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ചാരവനിതയുടെ രേഖാചിത്രം പോലീസ് പ്രചരിപ്പിക്കുകയും പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഗയയിലെ ഒരു ഗസ്റ്റ് ഹൗസിൽ നിന്നും സോങ് സിയാലൻ എന്ന ചൈനീസ് യുവതി പിടിയിലായത്.

കൊൽക്കത്തയിലെ വിദേശ പൗരന്മാർക്കായുള്ള റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ നിന്നാണ് ചൈനീസ് വനിത വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നതായി പോലീസിന് റിപ്പോർട്ട് ചെയ്തത്. 90 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തുടർച്ചയായി തങ്ങാനാകാത്ത വിസയാണ് സോങ്ങിന് ഉണ്ടായിരുന്നത്. 2019 ഒക്ടോബർ മുതൽ സോങ് ഇന്ത്യയിലുണ്ട്. 2020 ജനുവരിയിൽ നേപ്പാളിലേക്ക് പോയെങ്കിലും നാല് ദിവസത്തിന് ശേഷം തിരിച്ചെത്തി. പിന്നീട് ഇത്രയും കാലം നിയമവിരുദ്ധമായി രാജ്യത്ത് തുടരുകയായിരുന്നു. ഇക്കാലയളവിലത്രയും സോങ് ദലൈലാമയെ പിന്തുടരുകയായിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.

അതേസമയം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിയ ദലൈലാമയുടെ ഗയാ സന്ദർശനം ഇന്ന് തുടങ്ങും. എല്ലാവർഷവും ദലൈലാമ ഗയയിൽ എത്തി വിവിധ പരിപാടികളിൽ പങ്കെടുക്കുക പതിവാണ്. ഇതിനു മുന്നേയും ചൈനീസ് ചാര വനിതകൾ ദലൈലാമയുടെ ഓഫീസിൽ നിന്ന് വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ സായ് റയോ എന്ന ചൈനീസ് യുവതി നേപ്പാൾ സ്വദേശിയായ ദോല ലാമ എന്ന ബുദ്ധ സന്യാസിയായി ആൾമാറാട്ടം നടത്തി ദലൈലാമയെ പിന്തുടരുമ്പോൾ ദില്ലി പോലീസിന്റെ പിടിയിലായിരുന്നു. ടിബറ്റിന്റെ ആത്മീയ നേതാവായ ദലൈലാമ അദ്ദേഹത്തിന്റെ പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കാനിരിക്കെയാണ് ചൈന ചാരന്മാരെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വീണ്ടും ചൈനീസ് വനിതയെ ദലൈലാമയെ പിന്തുടരാൻ ശ്രമിക്കവേ പിടിയിലായ പശ്ചാത്തലത്തിൽ അതിർത്തിയിലുൾപ്പെടെ ഇന്ത്യ കനത്ത ജാഗ്രത പുലർത്തുകയാണ്.

Related Articles

Latest Articles