Sunday, May 5, 2024
spot_img

ഇന്ന് ചിങ്ങം ഒന്ന്; മലയാളികള്‍ക്കിനി പ്രതീക്ഷയുടെ പുതുവർഷം; സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും വരവറിയിച്ച് പൊന്നോണം വിരുന്നെത്തുന്ന മാസത്തിലെ ആദ്യ ദിനം

ഇന്ന് ചിങ്ങം ഒന്ന്. മലയാളികൾക്ക് ഇന്ന് പുതുവർഷാരംഭമാണ്. പഞ്ഞ കർക്കടകം മാറി ചിങ്ങപ്പുലരി പിറക്കുന്നതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ദിനങ്ങളാണ് ഓരോ മലയാളിയ്ക്കും. കാർഷിക സംസ്‌കാരത്തിന്റെയും ഓണക്കാലത്തിന്റേയും ഗൃഹാതുര സ്മരണകളാണ് ഓരോ മലയാളികളുടെയും മനസിൽ ചിങ്ങമാസം ഉണർത്തുന്നത്. കൊല്ലവർഷത്തിലെ ആദ്യ മാസമാണ് ചിങ്ങം. ചിങ്ങ മാസത്തെ മലയാള ഭാഷാ മാസം എന്നും അറിയപ്പെടുന്നു. മാത്രമല്ല കേരളീയർക്ക് ചിങ്ങം 1 കർഷക ദിനം കൂടിയാണ്.

മലയാളിയുടെ സങ്കല്പത്തിലെ ചിങ്ങമാസം വർണങ്ങളുടേതാണ്. തുമ്പയും മുക്കുറ്റിയും തുടങ്ങി പുഷ്പിക്കുന്ന ചെടികളെല്ലാം മാവേലി തമ്പുരാനെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങുന്ന മാസം. സ്വർണവർണമുള്ള നെൽക്കതരുകൾ പാടങ്ങൾക്ക് ശോഭ പകരുന്ന കാലം. മഴക്കോളു മാറി മാനം തെളിയുന്നതിന്റെ തുടക്കം. ചിങ്ങമാസത്തിൽ പ്രാധാന്യം മുറ്റത്തെ ഊഞ്ഞാലും അത്തപ്പൂക്കളവുമായി എത്തുന്ന ഓണക്കാലമാണ്. ചിങ്ങം പിറന്നാൽ പിന്നെ എവിടെയും പൂക്കൾ കൊണ്ട് നിറയും. കർക്കിടക മാസത്തിലെ ദുരിതങ്ങൾക്കും കഷ്ടപ്പാടകൾക്കും അറുതിയായാണ് ചിങ്ങം പിറക്കുന്നത്. ഐശ്വര്യത്തിന്റേയും സമൃദ്ധിയുടേയും മാസം. വളരെ സന്തോഷത്തോടെയാണ് ചിങ്ങ മാസത്തെ വരവേൽക്കുന്നത്. കൃഷി ചെയ്യാൻ പറ്റിയ മാസമാണ് ചിങ്ങം. അതുവരെ ഉള്ള എല്ലാ ദാരിദ്രവും ചിങ്ങം തീർക്കും എന്നാണ് കരുതപ്പെടുന്നത്. കർക്കിടക്കത്തിൽ കൃഷിയൊന്നും ചെയ്യാൻ പറ്റാതെ ദാരിദ്ര്യത്തി അകപ്പെട്ട മനുഷ്യന്മാർക്ക് പ്രതീക്ഷയുമായാണ് ഓണം വന്നിരുന്നത്. അതുകൊണ്ട് തന്നെ ചിങ്ങ മാസം എന്ന് പറയുന്നത് തന്നെ ഐശ്വര്യത്തിന്റെ മാസമാണ്.

തിരുവോണം ഉൾപ്പെടെ വിശേഷപ്പെട്ട ദിവസങ്ങൾ ചിങ്ങത്തിലാണ്. ആഘോഷങ്ങൾക്ക് ഏറ്റവും ഉചിതമായ മാസമായും ചിങ്ങ മാസത്തെ കണക്കാക്കുന്നു. ഈ മാസമാണ് പൊതുവേ കല്യാണങ്ങൾക്കും​ ​ഗൃഹപ്രവേശനത്തിനുമൊക്കെ തിരഞ്ഞെടുക്കുന്നത്. പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിനും ചിങ്ങം വരാൻ കാത്തിരിക്കുന്നവരുണ്ട്. മലയാളം കലണ്ടറിലെ ആദ്യ മാസമാണ് ചിങ്ങ മാസം. മലയാള മാസം അനുസരിച്ച് പുതുവർഷം പിറക്കുന്നു എന്നാണ് ചിങ്ങം ഒന്നിനെ വിശേഷിക്കുന്നത്. പ്രതീക്ഷകളുടെ മുകളിലാണ് നമ്മുടെയൊക്ക്കെ ജീവിതം നിലനിൽക്കുന്നത്. ആ പ്രതീക്ഷയുടെ വെളിച്ചം എത്രയും വേഗം തെളിയുമെന്നും മനോഹരമായ പുലരിവിരിയുമെന്നും പ്രത്യാശിച്ചുകൊണ്ട്, എല്ലാവർക്കും ചിങ്ങപ്പുലരിയിൽ നല്ലൊരു വർഷം ആശംസിക്കുന്നു.

Related Articles

Latest Articles