Tuesday, May 14, 2024
spot_img

ചിത്തിര ആട്ടവിശേഷം; ശബരിമല തിരുനട ഇന്ന് തുറക്കും; ഭക്തർക്ക് വൈകുന്നേരം അഞ്ച് മണി മുതൽ ദർശനം

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ചിന് തുറക്കും. മേൽശാന്തി കെ ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപങ്ങൾ തെളിയിക്കും. മാളികപ്പുറം മേൽശാന്തി വി. ഹരിഹരൻ നമ്പൂതിരി മാളികപ്പുറം ക്ഷേത്രനട തുറന്ന് ദീപങ്ങൾ തെളിയിക്കും. ശനിയാഴ്ചയാണ് ചിത്തിര ആട്ടവിശേഷം.

തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാ​ഗമായാണ് ആട്ടത്തിരുനാൾ ആഘോഷിക്കുന്നത്. ചിത്തിര ആട്ടവിശേഷത്തിന് ഒരു ദിവസം മാത്രമാണ് വിശേഷാൽ പൂജകൾ നടക്കുക. കവടിയാർ കൊട്ടാരത്തിൽ നിന്നെത്തിക്കുന്ന നെയ്യ് ഉപയോ​ഗിച്ച് അഭിഷേകം ചെയ്യുന്നതാണ് ആട്ടവിശേഷ ദിവസത്തെ പ്രധാന ചടങ്ങ്.

ഇന്ന് രാവിലെ നിർമാല്യവും പതിവ് അഭിഷേകങ്ങളും നടന്നു. തുടർന്ന് കിഴക്കേ മണ്ഡപത്തിൽ മഹാഗണപതി ഹോമം 7.30ന് ഉഷപൂജ, ഉദയാസ്തമന പൂജ, ഉച്ചപൂജ എന്നിവയ്‌ക്ക് ശേഷം ഒന്നിന് നട അടക്കും. വൈകുന്നേരം അഞ്ചിന് നട തുറക്കും. 6.30-ന് ദീപാരാധനയും 6.45-ന് പടിപൂജയും നടക്കും. പൂജകൾക്ക് തന്ത്രി മഹേഷ് മോഹനര് മുഖ്യ കാർമ്മികത്വം വഹിക്കും. പൂജകൾ പൂർത്തിയാക്കി രാത്രി 10-ന് നട അടക്കും.

മണ്ഡല ഉത്സവത്തിനായി 16-ന് വൈകുന്നേരം വീണ്ടും ക്ഷേത്രനട തുറക്കും. തുടർന്ന് പുതിയ മേൽശാന്തിമാരുടെ അഭിഷേകം തന്ത്രിയുടെ കാർമികത്വത്തിൽ നടക്കും. വെർച്വൽ ബുക്കിം​ഗ് നടത്തിയവർക്ക് ദർശനത്തിനെത്താവുന്നതാണ്.

Related Articles

Latest Articles