Sunday, April 28, 2024
spot_img

ഇന്ന് തുലാമാസത്തിലെ ചിത്തിര ; ശബരിമലയില്‍ ഇന്ന് ചിത്തിര ആട്ടവിശേഷം ; പ്രത്യേക സർവീസുമായി കെഎസ്ആർടിസി

ശബരിമലയിൽ ചിത്തിര ആട്ടവിശേഷം ഇന്ന്. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ശബരിമലയിൽ ആട്ടത്തിരുനാൾ ആഘോഷിക്കുന്നത്. കവടിയാർ കൊട്ടാരത്തിൽനിന്ന് കൊണ്ടുവരുന്ന നെയ്യ് അഭിഷേകം ചെയ്യുന്നതാണ് പ്രധാന ചടങ്ങ്. തുടർന്ന് കളഭാഭിഷേകവും നടക്കും.

നിർമാല്യ ദർശനവും പതിവ് അഭിഷേകവും ഉണ്ടായിരിക്കും. 7.30-ന് ഉഷപൂജയും 11 മണിവരെ നെയ്യഭിഷേകവും 12.30-ന് ഉച്ചപൂജയും ഉണ്ടായിരിക്കും. ഉച്ചയ്‌ക്ക് ഒരു മണിക്ക് അടയ്‌ക്കുന്ന തിരുനട വൈകുന്നേരം അഞ്ച് മണിയ്ക്കാകും വീണ്ടും തുറക്കുക. പൂജകൾ കഴിഞ്ഞ് 11-ന് രാത്രി 10 മണിക്ക് നട അടയ്‌ക്കും.

മണ്ഡല-മകരവിളക്ക് ഉല്‍സവത്തിനായി 16 ന് വൈകുന്നേരം 5 മണിക്ക് വീണ്ടും നട തുറക്കും. അന്ന് പുതിയ ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധന ചടങ്ങുകള്‍ നടക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കലശാഭിഷേക ചടങ്ങുകള്‍ നടക്കുക. 17 ന് വൃശ്ചികപ്പുലരിയില്‍ അയ്യപ്പന്റെയും മാളികപ്പുറത്തമ്മയുടെയും തിരുനടകള്‍ തുറക്കുന്നത് പുതിയ മേല്‍ശാന്തിമാരായിരിക്കും. ഡിസംബർ 26ന് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധനയും 27ന് മണ്ഡലപൂജയും നടക്കും. അന്ന് രാത്രി ഹരിവരാസനം പാടി അടയ്‌ക്കുന്ന നട മകരവിളക്ക് ഉല്‍സവത്തിനായി 30ന് വൈകുന്നേരം വീണ്ടും തുറക്കും. ജനുവരി 15ന് ആണ് മകരവിളക്ക്. 19ന് രാവിലെ നട അടയ്‌ക്കുന്നതോടെ ഒരു തീര്‍ത്ഥാടന കാലത്തിന് പരിസമാപ്തിയാകും.

അതേസമയം, ശബരിമല ചിത്തിര ആട്ടവിശേഷത്തോടനുബന്ധിച്ച് കെഎസ്ആർടിസി അധിക സർവീസ് നടത്തുന്നുണ്ട്. തിരുവനന്തപുരം, പത്തനംത്തിട്ട, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിൽ നിന്ന് പമ്പയിലേയ്‌ക്കും സർവീസുകൾ ഉണ്ടാകും. കൂടാതെ, നിലയ്‌ക്കൽ – പമ്പ ചെയിൻ സർവീസുകളും ക്രമീകരിച്ചിട്ടുമുണ്ട്. പമ്പയിലേക്ക് മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ സജ്ജീകരിച്ചിരിക്കുകയാണ്.

Related Articles

Latest Articles