ദില്ലി : കാവല്‍ക്കാരന്‍ കള്ളനാണെന്ന (ചൗകീദാര്‍ ചോര്‍ ഹേ) കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച “അതെ,​ ഞാനും കാവല്‍ക്കാരന്‍ തന്നെ” (മേം ഭീ ചൗകീധാര്‍)​ എന്ന പ്രചാരണത്തിന് വന്‍ പിന്തുണ. പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി എന്‍.ഡി.എ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളാണ് ‘മേം ഭി ചൗക്കീദാര്‍” എന്ന പുതിയ ടാഗ് ലൈനോടെ ഇന്നലെ ട്വിറ്ററില്‍ പോസ്റ്റു ചെയ്തത്. മണിക്കൂറുകള്‍ക്കകം തന്നെ ആയിരങ്ങള്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. അമ്പതിനായിരത്തിൽ അധികം പേരാണ് ട്വീറ്റിന് ഇഷ്ടം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെ നരേന്ദ്ര മോദിയെന്ന തന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ പേര് ചൗക്കീദാര്‍ നരേന്ദ്ര മോദിയെന്ന് മാറ്റി പ്രധാനമന്ത്രി മറ്റൊരു പടികൂടി കടന്നു.

ഉടന്‍ തന്നെ പ്രചാരണം ഏറ്റെടുത്ത പ്രമുഖ നേതാക്കള്‍ തങ്ങളുടെ പേരിനൊപ്പം ചൗക്കീദാര്‍ എന്ന് ചേര്‍ത്ത് രംഗത്തെത്തി. ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായും നിരവധി കേന്ദ്രമന്ത്രിമാരും നേതാക്കളും തങ്ങളുടെ പേര് മാറ്റി. റാഫേല്‍ കരാറില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പൊതു പരിപാടികളില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു. കാവല്‍ക്കാരന് മോഷണവും വശമുണ്ട് എന്ന ടാഗോടു കൂടി മോദിയും അനില്‍ അംബാനിയും ചേര്‍ന്നുള്ള ചിത്രവും കോണ്‍ഗ്രസ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതാണ് തിരഞ്ഞെടുപ്പില്‍ മോദി ആയുധമാക്കിയിരിക്കുന്നത്. പുതിയ പ്രചരണ സംവിധാനം കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ കാറ്റില്‍ പറത്തുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.