Monday, June 17, 2024
spot_img

‘ചുരുളി’ സിനിമയിലെ ഭാഷാ പ്രയോഗം പരിശോധിക്കും; ചിത്രം കാണാന്‍ പ്രത്യേക പോലീസ് സംഘം

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചലച്ചിത്രമായ ചുരുളിയില്‍ മോശം പദങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി സിനിമ കാണാന്‍ പ്രത്യേക പോലീസ് സംഘം. എ.ഡി.ജി.പി കെ പത്മകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സിനിമ കാണുക. സിനിമയിലെ മോശം പദങ്ങള്‍ പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് സംഘത്തെ രൂപീകരിച്ചത്.

തിരുവനന്തപുരം റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ്, തിരുവനന്തപുരം സിറ്റി അഡ്മിന്‍ എ.സി.പി എ. നസീം എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ സിനിമ കണ്ടതിന് ശേഷം ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കും. ചുരുളി സിനിമ പൊതുധാര്‍മികതയ്ക്ക് നിരക്കാത്തതാണെന്നും സിനിമ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ചുരുളിയിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടെയും കുട്ടികളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്ന് ഹര്‍ജിയില്‍ ചൂണ്ടികാണിക്കുന്നു. ഹര്‍ജി പരിഗണിച്ചതിനെ തുടര്‍ന്നാണ് ചുരുളിയില്‍ ഏതെങ്കിലും തരത്തിലുള്ള മോശം പദപ്രയോഗം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി ഡി.ജി.പിക്ക് നിര്‍ദ്ദേശം നല്‍കിയത്.

Related Articles

Latest Articles