Saturday, April 27, 2024
spot_img

സിഐ വി എസ് നവാസിനെ കാണാതായ സംഭവം: അന്വേഷണം തുടരുന്നു

തിരുവനന്തപുരം/കൊച്ചി: സെന്‍ട്രല്‍ സിഐ വി എസ് നവാസിനെ കാണാതായ സംഭവത്തില്‍ അന്വേഷണം തുടരുന്നു. അന്വേഷണത്തിനായി എറണാകുളം ഡിസിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സി ഐ നവാസ് ബസില്‍ കയറുന്ന ദൃശ്യം കിട്ടിയിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

കാണാതായ സിഐ സംസ്ഥാനത്ത് തന്നെയുണ്ട്. നാലു ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണെന്നും കൊച്ചി ഡി സി പി പൂങ്കുഴലി വ്യക്തമാക്കി. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദത്തെ കുറിച്ച് നേരത്തെ പരാതി കിട്ടിയിട്ടില്ലെന്നും സമ്മര്‍ദ്ദം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും ഡിജിപി പറഞ്ഞു.

തെക്കന്‍ ജില്ലകളിലെ ലോഡ്ജുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാന അന്വേഷണം. കായംകുളത്തു വച്ച് നവാസിനെ കണ്ടു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ഇന്നലെ കായംകുളത്തു വിശദ അന്വേഷണം നടത്തിയിരുന്നു.

പാലാരിവട്ടം എസ് ഐ യുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക അന്വേഷണ സംഘത്തിന് ആണ് നിലവിലെ അന്വേഷണ ചുമതല. ഇന്നലെ പുലര്‍ച്ചെയാണ് ദുരൂഹ സാഹചര്യത്തില്‍ സിഐ നവാസിനെ കാണാതായത്. ഉന്നത ഉദ്യോഗസ്ഥനുമായുള്ള പ്രശ്‌നത്തെ തുടര്‍ന്ന് നവാസ് കടുത്ത മാനസിക സമ്മര്‍ദത്തില്‍ ആയിരുന്നു എന്നാണ് ഭാര്യ പോലീസിന് നല്‍കിയ പരാതിയില്‍ ഉള്ളത്.

ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്‌തെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.

Related Articles

Latest Articles