ദില്ലി: ലോക്സഭയിലും രാജ്യസഭയിലും പാസായ പൗരത്വ ഭേദഗതി ബില്ലില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പിട്ടു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് നിർണായക ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചത്. ഏറെ വിവാദങ്ങള്‍ക്കും മാരത്തണ്‍ ചർച്ചകൾക്കും ശേഷമാണ് പരമെന്റിന്റെ ഇരു സഭകളിലും പൗരത്വ ഭേദഗതി ബില്‍ പാസായത്. ഇരുസഭകളും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെച്ച ശേഷം ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ നിയമം പ്രാബല്യത്തിലായി.
പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനങ്ങൾ മൂലം രാജ്യത്തേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായാംഗങ്ങളെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കാതെ ഇന്ത്യൻ പൗരത്വം നൽകുമെന്നതാണ് ബില്ലിലെ വാഗ്ദാനം. 2014 ഡിസംബർ 31 വരെയുള്ള കുടിയേറ്റത്തിനാണ് നിയമപ്രാബല്യമുണ്ടാവുക.

