Tuesday, May 14, 2024
spot_img

പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് ശിക്ഷ; 10-ാം ക്ലാസുകാരി ജീവനൊടുക്കി; അദ്ധ്യാപികയടക്കം രണ്ട് പേർ അറസ്റ്റിൽ

ധന്‍ബാദ്: പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് അദ്ധ്യാപിക ശിക്ഷിച്ചു. മനംനൊന്ത് പത്താം ക്ലാസുകാരി ജീവനൊടുക്കി. ജാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് ഉഷാകുമാരി എന്ന 16കാരി ജീവനൊടുക്കിയത്. പൊട്ട് തൊട്ട് സ്കൂളിലെത്തിയതിന് പ്രാര്‍ത്ഥനാ സമയത്ത് അദ്ധ്യാപിക ശിക്ഷിക്കുകയും പ്രിന്‍സിപ്പല്‍ വഴക്ക് പറയുകയും ചെയ്തതിന് പിന്നാലെയായിരുന്നു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്.

സെന്‍റ് സേവ്യേഴ്സ് സ്കൂളിലെ പത്താം ക്ലാസുകാരിയായ പെണ്‍കുട്ടി സ്കൂള്‍ വിട്ടെത്തിയ ശേഷം വീട്ടിലെ ഫാനില്‍ തൂങ്ങുകയായിരുന്നു. തെതുല്‍മാരി പോലീസിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ആത്മഹത്യാ കുറിപ്പും പെണ്‍കുട്ടിയുടെ യൂണിഫോമില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. സ്കൂളിലെ അദ്ധ്യാപികയും പ്രിന്‍സിപ്പാലുമാണ് തന്നെ അപമാനിച്ചതെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. ഹനുമാന്‍ഗര്‍ഹി കോളനിയിലെ വീട്ടിലാണ് പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പെണ്‍കുട്ടിയുടെ വീട്ടുകാരും പ്രദേശവാസികളും സ്കൂളിന് മുന്നില്‍ പ്രതിഷേധിക്കുകയും സ്കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കുട്ടിയെ ശിക്ഷിച്ച അദ്ധ്യാപികയേയും പ്രിന്‍സിപ്പാളിനേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles

Latest Articles