Friday, May 17, 2024
spot_img

കെഎസ്ഇബി ജീവനക്കാർ അശ്രദ്ധമായി റോഡിലിട്ടിരുന്ന മൂർച്ചയേറിയ ഇരുമ്പുതോട്ടിയിൽ ചവിട്ടി 9-ാം ക്ലാസുകാരന് ഗുരുതരപരിക്ക്

കോഴിക്കോട് : കൊയിലാണ്ടി പൊയില്‍ക്കാവിൽ കെ.എസ്.ഇ.ബി. ജീവനക്കാര്‍ റോഡരികില്‍ അശ്രദ്ധമായി വെച്ച മരച്ചില്ലകൾ മുറിച്ചു മാറ്റുവാൻ ഉപയോഗിക്കുന്ന മൂർച്ചയേറിയ ഇരുമ്പുതോട്ടിയില്‍ ചവിട്ടി വിദ്യാര്‍ഥിക്ക് ഗുരുതരപരിക്കേറ്റു. സംഭവത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി അര്‍ണവിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ണവിന് പ്ലാസ്റ്റിക് സര്‍ജറി വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഇന്നലെ രാവിലെയാണ് സംഭവം. റോഡരികിലെ ഉയർന്ന ചില്ലകൾ വെട്ടിമാറ്റുന്ന പണി നടക്കുന്നതിനിടെ റോഡരികില്‍ അശ്രദ്ധമായ വെച്ചിരിക്കുകയായിരുന്ന തോട്ടിയില്‍ വിദ്യാർത്ഥി ചവിട്ടുകയായിരുന്നു. രാവിലെ തിരക്കേറിയ സമയമായതിനാല്‍ റോഡില്‍ വാഹനങ്ങളും യാത്രക്കാരും കൂടുതലായിരുന്നു.

സൈക്കിളില്‍ പോവുകയായിരുന്ന കുട്ടി മറുവശത്ത് നിന്ന് വാഹനങ്ങള്‍ വന്നതുകൊണ്ട് സൈഡിലേക്ക് നീങ്ങി നില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തോട്ടിയിൽ ചവിട്ടിയത്. അപകടത്തിൽ കാലിന്റെ ഒരു ഭാഗം കീറിപ്പോയി. ത്വക്കുള്‍പ്പെടെ പോയതിനാല്‍ തുന്നലിടുന്നത് ബുദ്ധിമുട്ടാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി മാത്രമാണ് ഇനിയുള്ള മാര്‍ഗമെന്നും ഡോക്‌ടർ പറഞ്ഞതായി കുട്ടിയുടെ അമ്മ പറഞ്ഞു. എന്നാൽ ഇത് എപ്പോൾ നടത്താനാകുമെന്ന് 10 ദിവസങ്ങൾക്ക് ശേഷമേ പറയാനാകൂ ഇതോടെ ഫെബ്രുവരി ആദ്യത്തെ ആഴ്ച തുടങ്ങാനിരിക്കുന്ന വാര്‍ഷിക പരീക്ഷ കുട്ടിക്ക് എഴുതാന്‍ സാധിക്കില്ലെന്ന ആശങ്കയും അമ്മ പങ്കുവച്ചു.

Related Articles

Latest Articles