Monday, October 5, 2026

സിഎംആർഎൽ ഹർജി തള്ളി മാസപ്പടിയിൽ ഇ ഡി അന്വേഷണം തുടരും ! നിർണായക ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെ കൊടുങ്കാറ്റുയർത്തിയ മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സിഎംആർഎല്ലിന് വൻ തിരിച്ചടി. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ സമർപ്പിച്ച അപ്പീൽ ഹർജി ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പൂർണ്ണമായും തള്ളുകയായിരുന്നു.

ഇ.ഡി അന്വേഷണത്തിന് അനുമതി നൽകിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു സിഎംആർഎൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നത്. കഴിഞ്ഞ തിങ്കളാഴ്ച അപ്പീൽ പരിഗണിച്ച കോടതി, വെള്ളിയാഴ്ച അന്തിമവിധി വരുന്നത് വരെ കടുത്ത നടപടികളിലേക്ക് കടക്കരുതെന്ന് ഇഡിയോട് നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ നാല് ദിവസമായി നിർത്തിവെച്ചിരുന്ന അന്വേഷണ നടപടികളാണ് ഹൈക്കോടതിയുടെ നിർണ്ണായക വിധി വന്നതോടെ ഇഡിക്ക് പുനരാരംഭിക്കാൻ സാധിക്കുന്നത്. കേസിലെ പ്രധാന കേന്ദ്രങ്ങളിലൊന്നായ വീണാ വിജയൻ കോടതിക്ക് മുന്നിലുള്ള കക്ഷിയല്ലാത്തതിനാൽ അവർക്കെതിരെയുള്ള അന്വേഷണവുമായി ഇഡിക്ക് തടസ്സമില്ലാതെ മുന്നോട്ട് പോകാം.

ചെയ്യാത്ത സേവനത്തിന് പ്രതിഫലമായി രണ്ടു കോടിയിലധികം രൂപ എക്സാലോജിക് കമ്പനി കൈപ്പറ്റിയതിന് കൃത്യമായ തെളിവുകളുണ്ടെന്നും, വളരെ വിപുലമായ മാനങ്ങളുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസാണിതെന്നുമാണ് ഇഡി കോടതിയിൽ ശക്തമായി വാദിച്ചത്. ബാംഗ്ലൂർ ഉൾപ്പെടെ രാജ്യത്തെ പന്ത്രണ്ടോളം കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ അതീവ നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇവ കോടതിക്ക് കൈമാറാൻ തയ്യാറാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു. ഈ വാദങ്ങൾ പൂർണ്ണമായി അംഗീകരിച്ചുകൊണ്ടാണ് വീണാ വിജയന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുന്നതും സിഎംആർഎല്ലിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതും അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകാൻ കോടതി അനുമതി നൽകിയത്.

അതേസമയം, പിഎംഎൽഎ (PMLA) പ്രകാരമുള്ള ഇഡിയുടെ അന്വേഷണം നിയമവിരുദ്ധമാണെന്നായിരുന്നു സിഎംആർഎല്ലിന്റെ പ്രധാന വാദം. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) സമർപ്പിച്ച റിപ്പോർട്ട് ഡൽഹി ഹൈക്കോടതിയുടെ അന്തിമ തീർപ്പിന് വിധേയമായതിനാൽ, നിലവിൽ ഇഡിക്ക് അന്വേഷിക്കാൻ സാധിക്കുന്ന തരത്തിലുള്ള പ്രെഡിക്കേറ്റ് ഒഫൻസ് (Predicate offence) വെളിവായിട്ടില്ലെന്ന് കമ്പനി വാദിച്ചെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് തള്ളിക്കളഞ്ഞു. ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചതോടെ വരും ദിവസങ്ങളിൽ കേസിൽ ഇഡിയുടെ ഭാഗത്തുനിന്ന് അതിശക്തമായ തുടർനടപടികൾ ഉണ്ടാകുമെന്നുറപ്പാണ്.

Related Articles

Latest Articles