Sunday, May 12, 2024
spot_img

കർഷകരുടെ മാസങ്ങളുടെ അദ്ധ്വാനഫലമായ നെല്ല് സംഭരിച്ച് പണം നൽകാതെ സപ്ലൈ കോയുടെയും കേരളാ ബാങ്കിന്റെയും ഒത്തുകളി; നെല്ലിന്റെ പണം കിട്ടണമെങ്കിൽ വ്യാജ വായ്‌പ്പാ രേഖകളിൽ ഒപ്പിട്ട് നൽകണം; അല്ലാത്തവർക്ക് അക്കൗണ്ടിൽ പണമെന്നുമെങ്കിലും പിൻവലിക്കാനാകില്ല; കേരള സർക്കാർ ഏജൻസികളുടെ കർഷക ദ്രോഹം പുറത്ത്

കുട്ടനാട്: സംഭരിച്ച നെല്ലിന്‍റെ പണം നൽകാത്തത് ഉള്‍പ്പെടെ വിവിധ പ്രശ്നങ്ങള്‍ ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ നെൽ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. കുട്ടനാട്ടിലേയും പത്തനംതിട്ട, കോട്ടയം ജില്ലകളിലേയും പാടശേഖരസമിതികള്‍ ചേര്‍ന്ന് രൂപീകരിച്ച സംയുക്ത നെല്‍ കര്‍ഷക സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്തുക. ആദ്യ ചുവടായി ഈ മാസം 18 ന് മങ്കൊന്പിലെ പാഡി ഓഫീസിന് മുന്നില്‍ കര്‍ഷക സംഗമം നടത്തും.

ജീവിതോപാധിയായി കൃഷി സ്വീകരിച്ചതിന്‍റെ പിന്നാലെ നേരിടുന്ന തിക്താനുഭവങ്ങളില്‍ മനം മടുത്ത നെല്‍ കര്‍ഷകര്‍ ദുരിതത്തിന്‍റെ കെട്ടുകള്‍ ഒന്നൊന്നായി അഴിക്കുകയാണ്. പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും പണം കിട്ടാത്തവര്‍ നിരവധിയാണ്. ആലപ്പുഴ ജില്ലയില്‍ മാത്രം സപ്ലൈകോ കര്‍ഷകര്‍ക്ക് നൽകാനുള്ളത് 345 കോടി രൂപയാണ്. വട്ടിപ്പലിശക്ക് അടക്കം വായ്പെയെടുത്ത് കൃഷിയിറക്കിയ കര്‍ഷകര്‍ പട്ടിണിയിലായിട്ട് മാസങ്ങളായി. മറ്റുനിരവധി പ്രശ്നങ്ങള് വേറെയും കർഷകരെ അലട്ടുന്നുണ്ട്. ഇതോടെയാണ് സമരത്തിന്‍റെ പാതിയിലേക്ക് നീങ്ങാന്‍ കുട്ടനാട്ടിലെയും, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലേയും പാടശേഖരസമിതികള്‍ തീരുമാനിച്ചത്. പുളിങ്കുന്നില്‍ യോഗം ചേര്‍ന്ന കര്‍ഷകര്‍, നെല്‍കര്‍ഷക സംരക്ഷണ സമിതിക്കും രൂപം നൽകിയിട്ടുണ്ട്. നെല്‍ വില വായ്പയായി നല്‍കുന്ന സമ്പ്രദായം അവസാനിപ്പിക്കുക, കൈകാര്യം ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ നല്‍കുക, കിഴിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കര്‍ഷകര്‍ ഉന്നയിക്കുന്നുണ്ട്.

നേരത്തെ സര്‍ക്കാര്‍ സപ്ലൈക്കോ വഴി നെല്ല് ശേഖരണം ആരംഭിച്ചെങ്കിലും വില നല്‍കുന്നത് വായ്പ നല്‍കിയതായി കാണിച്ചുള്ള രേഖകളില്‍ ഒപ്പിടുവിച്ചാണെന്ന് കര്‍ഷകര്‍ ആരോപണം ഉന്നയിച്ചിരുന്നു. നെല്ല് വാങ്ങിയ വകയില്‍ കര്‍ഷകര്‍ക്ക് സപ്ലൈകോയില്‍ നിന്ന് ലഭിക്കേണ്ട തുക നിലവില്‍ കേരള ബാങ്ക് ആണ് നല്‍കുന്നത്. എന്നാല്‍ എത്രയാണോ നെല്ലിന്റെ വിലയായി നിശ്ചയിച്ചിട്ടുള്ളത് ആ തുക പണമായി ലഭിക്കണമെങ്കില്‍ കേരള ബാങ്ക് നല്‍കുന്ന വായ്പ രേഖകളില്‍ ഒപ്പ് വെക്കണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നതെന്നാണ് വയനാട് ബത്തേരിയിലെ കര്‍ഷകര്‍ ആരോപിച്ചത്. രേഖകള്‍ ഒപ്പ് വെച്ച് നല്‍കാത്തവര്‍ക്ക് നെല്ലിന്റെ വില എക്കൗണ്ടില്‍ വന്നതായി കാണിക്കുമെങ്കിലും എ.ടി.എം വഴിയോ ബാങ്കിലെത്തിയോ തുക പിന്‍വലിക്കാന്‍ സാധിക്കാതെ വന്നതോടെ കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

Related Articles

Latest Articles