ഷൊർണൂരിൽ ട്രെയിനിൽ വെച്ച് സഹയാത്രക്കാരനായ യുവാവിനെ ആക്രമിച്ച സംഭവത്തിൽ പ്രതികരിച്ച് പോലീസ്.പ്രതി സിയാദ് സ്ഥിരം കുറ്റവാളിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മദ്യത്തിന് അടിമയാണ് ഇയാൾ. ലഹരിമാഫിയയുമായി മറ്റ് ബന്ധങ്ങൾ ഉണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് പറഞ്ഞു.തൃശ്ശൂരിൽ ട്രാഫിക് പോലീസുകാരനെ മർദ്ദിച്ച കേസിലടക്കം സിയാദ് പ്രതിയാണ്. റെയിൽവേ പ്ലാറ്റ്‌ഫോമുകളിലാണ് പ്രതി ഉറങ്ങാറുള്ളതെന്നും സൗജന്യ ഭക്ഷണ കേന്ദ്രങ്ങളിൽ നിന്നാണ് ഭക്ഷണം കഴിക്കുന്നതെന്നും പ്രതി സിയാദ് തന്നെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം മരുസാഗർ എക്‌സ്പ്രസിൽ വെച്ചാണ് സഹയാത്രക്കാരനായ യുവാവിന് നേരെ ആക്രമണമുണ്ടായത്. പരപ്പനങ്ങാടി സ്വദേശി ദേവദാസിനെയാണ് പ്രതിയായ സിയാദ് കുപ്പി വെച്ച് കുത്തിയത്. സിയാദ് സ്ത്രീകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതോടെയാണ് ആക്രമണമുണ്ടായത്. പരുക്കേറ്റ ദേവദാസിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച സിയാദിനെ ആർപിഎഫ് പിടികൂടുകയായിരുന്നു.

