Monday, October 26, 2026

കളർകോട് അപകടം ! വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നൽകിയത് വാടകയ്ക്കല്ലെന്ന് കാറുടമ

ആലപ്പുഴ : കളർകോട് അപകടത്തിൽ പ്രതികരണവുമായി കാറുടമ ഷാമിൽ ഖാൻ. മെഡിക്കൽ വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ നൽകിയത് വാടകയ്ക്കല്ലെന്ന് കാറുടമ പറഞ്ഞു. വിദ്യാർത്ഥിയായ മുഹമ്മദ് ജബ്ബാറുമായി രണ്ട് മാസത്തെ പരിചയമുണ്ടെന്നും, അതിന്റെ പുറത്താണ് വണ്ടി നൽകിയതെന്നും ഷാമിൽ ഖാൻ പറഞ്ഞു.

“ജബ്ബാറുമായി എനിക്ക് മുന്നേ പരിചയമുണ്ട്. സെക്കൻഡ് ഹാൻഡ് വണ്ടി എടുത്ത്‌ വിൽക്കുന്ന ബിസിനസ് ഉണ്ട് എനിക്ക്. ഇന്നലെ ഏഴര മണിയോടെ ജബ്ബാർ വീട്ടിൽ വന്നിരുന്നു. എന്നെ കാണാത്തപ്പോൾ ഫോണിൽ വിളിച്ച്‌ ഇന്ന് അവധിയായതിനാൽ സെക്കൻഡ് ഷോയ്ക്ക് പോകാൻ വണ്ടി വേണമെന്ന് പറഞ്ഞു. ആറ് പേർ ഉള്ളതുകൊണ്ട് ബൈക്കിന് പകരം കാർ ചോദിച്ചു. ഞാൻ ആദ്യം കൊടുക്കാൻ മടിച്ചു. എനിക്ക് അവരെ ഇങ്ങനെയുള്ള പരിചയമല്ലേയുള്ളൂ. വീട്ടുകാർ അറിയാതെ എങ്ങനെയാണ് വണ്ടി തരികയെന്ന് ചോദിച്ചപ്പോൾ എന്റെ ഇക്കയുടെ നമ്പർ തന്ന് വിളിച്ച്‌ പറഞ്ഞേക്കാൻ പറഞ്ഞു. ഞാൻ ചേട്ടനെ വിളിച്ചപ്പോൾ വണ്ടി കൊടുത്തോളാനാണ് പറഞ്ഞത്. അങ്ങനെ കൊടുത്തുവിട്ടതാണ് വണ്ടി.

വണ്ടിക്ക് ലൈസൻസും മറ്റ് എല്ലാ രേഖകളും ഉണ്ട്. എന്റെ പേരിൽ തന്നെയുള്ള വണ്ടിയാണ്. കാലപ്പഴക്കം ഇല്ലാത്ത നീറ്റ് വണ്ടിയായിരുന്നു. ആറ് പേരെ ഉള്ളു എന്ന് പറഞ്ഞാണ് കാർ കൊണ്ടുപോയത്. ബ്രേക്കിന് ഒരു തകരാറുമില്ല. സിസിടിവി കണ്ടപ്പോൾ എനിക്ക് മനസിലായത് വണ്ടി വലത്തേക്ക് തിരിച്ചപ്പോൾ ബ്രേക്ക് പിടിച്ചത് മൂലം തെന്നി ബസിൽ ഇടിച്ചതാണെന്നാണ്. ഇത് ടാക്സി ആയെടുത്ത വണ്ടിയല്ല. വാഹനം വീട്ടിലെ സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ്.”- ഷാമിൽ ഖാൻ പറഞ്ഞു.

ഇന്നലെ രാത്രി ദേശീയപാതയില്‍ കളര്‍കോട് ചങ്ങനാശ്ശേരി മുക്കിനു സമീപമുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഒന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥികളാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കെഎസ്ആര്‍ടിസി ബസ്സിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണു മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുവിദ്യാര്‍ഥികള്‍ ചികിത്സയിലാണ്. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്

Related Articles

Latest Articles