പാറ്റ്‌ന: ബീഹാറിൽ കമ്മ്യൂണിസ്റ്റ് ഭീകരരുടെ (Maoists) ആക്രമണ പദ്ധതി തകർത്ത് പോലീസ്. ട്രെയിൻ തകർക്കാനുള്ള കമ്മ്യൂണിസ്റ്റ് ഭീകരരുടെ ശ്രമമാണ് പരാജയപ്പെട്ടത്. ഹൗറ-ന്യൂഡൽഹി ട്രെയിന് വരുന്ന ട്രാക്കുകൾ സ്‌ഫോടനത്തിൽ തകർത്തെങ്കിലും ഇന്ത്യൻ റെയിൽവേ മേഖലയിലെ എല്ലാ ട്രെയിനുകളും ഉടൻ നിർത്താൻ നിർദ്ദേശം നൽകിയതാണ് രക്ഷയായത്.
ചിക്കാക്കി-ചൗദ്ധരി റെയിൽവേ സ്‌റ്റേഷനുകൾക്കിടയിലാണ് സംഭവം നടന്നത്. ജാർഖണ്ഡിലെ ധൻബാദിനും ബീഹാറിലെ ഗയക്കും ഇടയിലാണ് കമ്മ്യൂണിസ്റ്റ് ഭീകരർ റെയിൽവേ ട്രാക്ക് തകർത്തത്. സംഭവത്തെ തുടർന്ന് ദില്ലിയിലേക്കും ഹൗറയിലേക്കും പോകേണ്ട ട്രെയിനുകളുടെ യാത്രമുടങ്ങി. ബീഹാർ മേഖലയിൽ കമ്മ്യൂണിസ്റ്റ് ഭീകരസംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. അറസ്റ്റിലായ സിപിഐ-മാവോയിസ്റ്റ് പോളിറ്റ്ബ്യൂറോ നേതാക്കളായ പ്രശാന്ത് ബോസിനേയും ഭാര്യ ഷീലാ മറാൻഡിയേയും മോചിപ്പിക്കണ മെന്നാവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തത്.
അതേസമയം സ്‌ഫോടനം നടത്തിയ ശേഷം കമ്മ്യൂണിസ്റ്റ് ഭീകരർ പ്രദേശത്ത് പോസ്റ്ററുകളും വിതറിയിരുന്നു. പ്രതിരോധ ദിനമായി 21-ാം തിയതി മുതൽ 26-ാം തിയതി വരെ ആചരിക്കുമെന്നും പോസ്റ്ററിൽ പറഞ്ഞിരുന്നു. റെയി്ൽവേ ട്രാക്ക് കൂടാതെ ഗിരിധ് ജില്ലയിലെ വിഷ്ണുഗഡ് പോലീസ് സ്‌റ്റേഷൻ പരിസരത്ത് ഒരു മൊബൈൽ ടവറിന്റെ കൺട്രോൾ റൂമും ഭീകരർ ബോംബ് വച്ച് തകർത്തിരുന്നു. പല സ്ഥലങ്ങളിലായി കമ്മ്യൂണിസ്റ്റ് ഭീകരർ കരിങ്കൊടി ഉയർത്തിയത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് പോലീസ് അതീവ ജാഗ്രത പാലിച്ചത്.

