Friday, May 17, 2024
spot_img

ഇല്ലാത്ത മോഷണത്തിൻ്റെ പേരിൽ എട്ടു വയസുകാരിയ്ക്കും പിതാവിനും നേരെ പിങ്ക് പൊലീസിൻ്റെ അതിക്രമം; സംഭവം തലസ്ഥാന ജില്ലയിൽ

തിരുവനന്തപുരം: ഇല്ലാത്ത മോഷണത്തിൻ്റെ പേരിൽ പൊലീസിൻ്റെ പരസ്യ വിചാരണ നേരിട്ട് അച്ഛനും മകളും. പിങ്ക് പൊലീസാണ് ആറ്റിങ്ങലിൽ അച്ഛനേയും മകളേയും പരസ്യ വിചാരണ നടത്തിയത്. അച്ഛൻ മൊബൈൽ ഫോൺ മോഷ്ടിച്ച് മകളുടെ കയ്യിൽ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും ആരോപിച്ചായിരുന്നു പിങ്ക് പൊലീസ് വാഹനത്തിലെ വനിത പൊലീസ് ഉദ്യോ​ഗസ്ഥയുടെ പരസ്യ വിചാരണ. എട്ടു വയസുകാരി മകൾക്ക് ഇപ്പോഴും ഞെട്ടൽ മാറിയിട്ടില്ല.

ഐ എസ് ആർ ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാൻ തോന്നയ്ക്കൽ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും ‌ഇന്നലെ ആറ്റിങ്ങലിൽ നിൽക്കുമ്പോഴാണ് സംഭവം. കുടിക്കാൻ വെള്ളം വാങ്ങിയശേഷം നടന്നുവന്ന ജയചന്ദ്രനെ പിങ്ക് പൊലീസ് തടഞ്ഞുനിർത്തുകയും എടുക്കെടാ മൊബൈൽ ഫോൺ എന്ന് ആവശ്യപ്പെടുകയും ചെയ്തു. ജയചന്ദ്രൻ സ്വന്തം മൊബൈൽ ഫോൺ പൊലീസിന് നൽകി. ഇതല്ല നീ കാറിൽ നിന്നെടുത്ത എന്റെ മൊബൈൽ ഫോൺ താടാ എന്നായിരുന്നു പൊലീസ് ഉദ്യോ​ഗസ്ഥയുടെ നിലപാട്. താൻ ഫോൺ എടുത്തിട്ടില്ലെന്ന് ജയചന്ദ്രൻ ആവർത്തിച്ച് പറഞ്ഞു. എന്നാൽ ജയചന്ദ്രൻ മോഷ്ടിച്ച ഫോൺ മകളെ എൽപിക്കുന്നത് കണ്ടെന്നായിരുന്നു വനിത പൊലീസിന്റെ നിലപാട്. പിടിക്കപ്പെട്ടപ്പോൾ മകൾ ഫോൺ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പൊലീസ് ആരോപിച്ചു. അച്ഛൻ ഫോൺ എടുത്തിട്ടില്ലെന്ന് പറഞ്ഞ് കുഞ്ഞു മകളും കരഞ്ഞു തുടങ്ങി. കുട്ടികളേയും കൊണ്ട് ഇവനെപ്പോലെയുള്ളവർ മോഷണത്തിനിറങ്ങുന്നത് പതിവാണെന്നും വനിത പൊലീസ് ഉദ്യോ​ഗസ്ഥ പറഞ്ഞു. ഇതിനിടെ ബഹളം കേട്ട് ആളുകൾ കൂടി. അപ്പോഴും പൊലീസ് ഇവനാണ് കള്ളൻ എന്ന തരത്തിൽ വിചാരണ തുടർന്നു.

ഇതിനിടയിൽ ഈ പൊലീസ് ഉദ്യോ​ഗസ്ഥക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റൊരു വനിത പൊലീസ് പിങ്ക് പൊലീസിന്റെ തന്നെ കാറിലുണ്ടായിരുന്ന മൊബൈൽ ഫോൺ കാണാതായെന്നാരോപിച്ച ഉദ്യോ​ഗസ്ഥയുടെ ബാ​ഗ് പരിശോധിച്ചു. ആ ബാ​ഗിൽ നിന്ന് ഫോൺ കണ്ടെടുക്കുകയും ചെയ്തു. സൈലന്റിലായിരുന്നതിനാൽ വിളിച്ചപ്പോൾ അറിഞ്ഞതുമില്ല. ഫോൺ കിട്ടിയതോടെ പരസ്യ വിചാരണ അവസാനിപ്പിച്ചെങ്കിലും വളരെ മോശമായാണ് പൊലീസ് പിന്നീടും പെരുമാറിയത്. എട്ടുവയസുകാരി കരഞ്ഞു തളർന്ന അവസ്ഥയിലായിരുന്നു. ഇതെല്ലാം കണ്ട് അതുവഴി വന്ന ഒരാളാണ് ഇത് മൊബൈലിൽ ഷൂട്ട് ചെയ്ത് ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles