Monday, May 20, 2024
spot_img

വാർദ്ധക്യ കാലത്തെ പറ്റി ആശങ്ക വേണ്ട, മോദി സർക്കാർ അതിനും പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്

ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്കും ഇനി വാര്‍ധക്യ കാലത്തെ സാമ്പത്തീക സുരക്ഷയെപ്പറ്റി ആശങ്കകള്‍ വേണ്ട. തൊഴിലെടുക്കാന്‍ സാധിക്കാതെ വരുന്ന ജീവിതത്തിന്റെ സായന്തന കാലത്തും സ്ഥിരമായ വരുമാനം ലഭിക്കുവാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഈ പദ്ധതിയിലൂടെ സാധിക്കും. അസംഘടിത മേഖലയില്‍ തൊഴിലെടുത്ത് ജീവിത വരുമാനം കണ്ടെത്തുന്ന എല്ലാ വ്യക്തികള്‍ക്കും തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച സമ്പാദ്യ പദ്ധതിയാണ് പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ധന്‍ യോജന അഥവാ പിഎം-എസ്‌വൈഎം യോജന.

റോഡരികില്‍ ചെറുകിട കച്ചവടങ്ങള്‍ നടത്തുന്നവര്‍, റിക്ഷാവാലകള്‍, നിര്‍മാണ തൊഴിലാളികള്‍ തുടങ്ങിയ പലവിധ അസംഘടിത മേഖലാ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികള്‍ക്ക് അവരുടെ വാര്‍ധക്യ കാലം സാമ്പത്തിക സുരക്ഷയുള്ളതാക്കി മാറ്റുവാന്‍ ഈ പദ്ധതിയുടെ ഗുണഭോക്താവ് ആകുന്നതിലൂടെ സാധിക്കും. ദിവസേന വെറും 2 രൂപ മാറ്റി വയ്ക്കുന്നതിലൂടെ പ്രതിവര്‍ഷം 36,000 രൂപയുടെ പെന്‍ഷന്‍ തുകയാണ് പിഎം-എസ്‌വൈഎം യോജന പദ്ധതിയിലൂടെ സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നത്.

പിഎം-എസ്‌വൈഎം യോജനയുടെ ഗുണഭോക്താവ് ആയിക്കഴിഞ്ഞാല്‍ എല്ലാ മാസവും 55 രൂപാ വീതമാണ് നിങ്ങള്‍ നിക്ഷേപം നടത്തേണ്ടത്. അതായത് 18ാം വയസ്സു മുതല്‍ ദിവസേന 2 രൂപാ വീതം മാറ്റിവച്ചുകൊണ്ട് വര്‍ഷം 36,000 രൂപയുടെ പെന്‍ഷന്‍ നേടാം. ഇനി 40ാം വയസ്സിലാണ് ഒരു തൊഴിലാളി പിഎം-എസ്‌വൈഎം യോജനയില്‍ ചേരുന്നത് എന്നിരിക്കട്ടെ, എങ്കില്‍ അയാള്‍ നിക്ഷേപം നടത്തേണ്ടത് മാസം 200 രൂപാ വീതമായിരിക്കും.

60 വയസ്സ് പൂര്‍ത്തിയാകുന്നത് മുതലാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ തുക ലഭിച്ചു തുടങ്ങുക. 60 വയസ്സു കഴിഞ്ഞാല്‍ ഓരോ മാസവും 3,000 രൂപ വീതം പെന്‍ഷന്‍ നേടാം. അതായത് വര്‍ഷം 36,000 രൂപ.

പിഎം-എസ്‌വൈഎം യോജന പദ്ധതിയുടെ ഗുണഭോക്താവ് ആകണമെങ്കില്‍ നിര്‍ബന്ധമായും നിങ്ങളുടെ പേരില്‍ ഒരു സേവിംഗ്‌സ് അക്കൗണ്ടും ആധാര്‍ കാര്‍ഡും ഉണ്ടായിരിക്കേണ്ടതുണ്ട്. 18 വയസ്സിനും 40 വയസ്സിനും ഇടയില്‍ പ്രായമുള്ള തൊഴിലാളികള്‍ക്കാണ് പദ്ധതിയില്‍ ചേരുവാന്‍ സാധിക്കുക.

കോമണ്‍ സര്‍വീസ് സെന്റര്‍ (സിഎസ്‌സി) വഴിയാണ് പിഎം-എസ്‌വൈഎം യോജന പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. തൊഴിലാളികള്‍ക്ക് സ്വയം തന്നെ സിഎസ്‌സി സെന്റര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി സര്‍ക്കാര്‍ ഒരു വെബ് പോര്‍ട്ടല്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതുവഴിയാണ് തൊഴിലാളികളുടെ എല്ലാ വിവരങ്ങളും കേന്ദ്ര സര്‍ക്കാരിലേക്ക് എത്തുന്നത്.

രജിസ്‌ട്രേഷന്‍ പ്രക്രിയയ്ക്കായി നിങ്ങളുടെ പക്കല്‍ ആധാര്‍ കാര്‍ഡ്, നിങ്ങളുടെ പേരിലുള്ള സേവിംഗ്‌സ് അല്ലെങ്കില്‍ ജന്‍ ധന്‍ ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, മൊബൈല്‍ നമ്പര്‍ എന്നിവ ആവശ്യമാണ്. ഇത് കൂടാതെ നിക്ഷേപ തുക ഓരോ മാസവും കൃത്യമായി അക്കൗണ്ടില്‍ നിന്നും കുറയ്ക്കുന്നതിനായുള്ള സമ്മത പത്രവും നല്‍കേണ്ടതുണ്ട്. ഇതേ സമ്മത പത്രം തൊഴിലാളിക്ക് അക്കൗണ്ട് ഉള്ള ബാങ്ക് ശാഖയിലും സമര്‍പ്പിക്കേണ്ടതുണ്ട്.

പ്രധാന്‍ മന്ത്രി ശ്രം യോഗി മാന്‍ധന്‍ പെന്‍ഷന്‍ പദ്ധതിയ്ക്ക് കീഴില്‍, അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കും ചേരാവുന്നതാണ്. പദ്ധതിയില്‍ ചേരുവാന്‍ ആഗ്രഹിക്കുന്ന തൊഴിലാളികളുടെ പ്രായം 40 വയസ്സിന് താഴെയായിരിക്കണം. കൂടാതെ മറ്റ് സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെയൊന്നും ഗുണഭോക്താവ് ആയിരിക്കുവാനും പാടില്ല അപേക്ഷകന്‍. മറ്റേതെങ്കിലും സര്‍ക്കാര്‍ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്ന വ്യക്തികള്‍ക്ക് പിഎം-എസ്‌വൈഎം യോജന പദ്ധതിയുടെ ഗുണഭോക്താവ് ആകുവാന്‍ സാധിക്കുകയില്ല. പദ്ധതില്‍ ചേരുന്നതിനായി അപേക്ഷിക്കുന്ന വ്യക്തിയുടെ പ്രതിമാസ വരുമാനം 15,000 രൂപയില്‍ താഴെയായിരിക്കണം എന്നും നിബന്ധനയുണ്ട്.

സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്ന ശ്രമിക് ഫെസിലിറ്റേഷന്‍ സെന്ററിലൂടെ പദ്ധതിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉപയോക്താവിന് ലഭിക്കുന്നതാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles