Friday, May 17, 2024
spot_img

പാരിതോഷികം പ്രഖ്യാപനത്തിലൊതുങ്ങി !ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി കായികതാരങ്ങള്‍ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്മാനത്തുക ഇതുവരെയും വിതരണം ചെയ്തില്ലെന്ന് പരാതി

തിരുവനന്തപുരം: ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടി രാജ്യത്തിന്റെ യശസ്സുയർത്തിയ മലയാളി കായികതാരങ്ങള്‍ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമ്മാനത്തുക ഇതുവരെയും വിതരണം ചെയ്തില്ലെന്ന് പരാതി. മെഡൽ നേടിയ താരങ്ങൾക്ക് അതത് സംസ്ഥാനങ്ങളിലെ സർക്കാരുകൾ വൻതുകകൾ പാരിതോഷികമായി പ്രഖ്യാപിക്കുന്നതിൽ മത്സരിച്ചപ്പോൾ മലയാളി താരങ്ങളെ അഭിനന്ദിക്കാന്‍ പോലും തയ്യാറാകാതിരുന്ന സര്‍ക്കാരിന്റെ നടപടി കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സംസ്ഥാനത്തു നിന്ന് മതിയായ പ്രോത്സാഹനം കിട്ടുന്നില്ലെന്ന് പറഞ്ഞ് മെഡല്‍ ജേതാക്കളില്‍ പലരും കേരളം വിടുന്നതായും പ്രഖ്യാപിച്ചു. തൊട്ട് പിന്നാലെയാണ് ഒക്ടോബര്‍ 18-ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിൽ കായിക താരങ്ങള്‍ക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചത്.സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികം ഒരാഴ്ചയ്ക്കുള്ളില്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുമെന്ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍ ഉറപ്പുനല്‍കിയിരുന്നു.

സ്വര്‍ണമെഡല്‍ ജേതാക്കള്‍ക്ക് 25 ലക്ഷം രൂപയും വെള്ളി മെഡല്‍ ജേതാക്കള്‍ക്ക് 19 ലക്ഷവും വെങ്കലമെഡല്‍ ജേതാക്കള്‍ക്ക് 12.5 ലക്ഷം രൂപയുമായിരുന്നു സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ പ്രഖ്യാപനം വന്ന് ഒന്നരമാസത്തോളമായിട്ടും താരങ്ങള്‍ക്ക് ഈ തുക നൽകിയിട്ടില്ല .ഇതുവരെ തുകയൊന്നും ലഭിച്ചില്ലെന്ന് പുരുഷ ലോങ്ജമ്പില്‍ വെള്ളി നേടിയ എം. ശ്രീശങ്കറിന്റെ പിതാവ് മുരളിയും വനിതാ ലോങ്ജമ്പില്‍ വെള്ളി നേടിയ ആന്‍സി സോജന്റെ പിതാവ് സോജനും വ്യക്തമാക്കി.

പുരുഷ ഹോക്കിയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്റെ ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷ്, 4400 മീറ്റര്‍ പുരുഷ റിലേയില്‍ സ്വര്‍ണം നേടിയ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, പുരുഷ ലോങ്ജമ്പില്‍ വെള്ളി നേടിയ എം. ശ്രീശങ്കര്‍, വനിതാ ലോങ്ജമ്പില്‍ വെള്ളി നേടിയ ആന്‍സി സോജന്‍, 800 മീറ്ററില്‍ വെള്ളി നേടിയ മുഹമ്മദ് അഫ്‌സല്‍, ബാഡ്മിന്റന്‍ ടീം ഇനത്തില്‍ വെള്ളി നേടിയ എം.ആര്‍ അര്‍ജുന്‍, 1500 മീറ്ററില്‍ വെങ്കലം നേടിയ ജിന്‍സന്‍ ജോണ്‍സണ്‍, വനിതാ ക്രിക്കറ്റില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ താരം മിന്നുമണി, സ്‌ക്വാഷ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം നേടിയ ദീപിക പള്ളിക്കല്‍ എന്നിവരാണ് ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍.

Related Articles

Latest Articles