Sunday, October 4, 2026

ഇറാനെതിരെ രണ്ടാഴ്ചയ്ക്കുള്ളിൽ സമ്പൂർണ വിജയം!! എണ്ണവില കുത്തനെ ഇടിയുമെന്ന് ഡോണൾഡ് ട്രമ്പ്

വാഷിങ്ടൺ : ഇറാനുമേൽ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സമ്പൂർണ വിജയം കൈവരിക്കുമെന്ന നിർണായക പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പ് . ഇതോടെ പുതിയ ആണവകരാർ യാഥാർഥ്യമാകുമെന്നും ആഗോള വിപണിയിൽ എണ്ണവില കുത്തനെ കുറയുമെന്നും ട്രമ്പ് അവകാശപ്പെട്ടു. സെനറ്റർ ലിൻഡ്സെ ഗ്രഹാമിന്റെ റിപ്പബ്ലിക്കൻ പ്രൈമറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ടെലിറാലിയിലായിരുന്നുട്രമ്പിന്റെ ഈ പരാമർശമെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

നിലവിൽ ഇരുവിഭാഗങ്ങളും തമ്മിൽ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ട്രമ്പ് വ്യക്തമാക്കി. അമേരിക്കയുമായി ഒരു മികച്ച കരാറിലെത്താനാണ് ഇറാൻ ആഗ്രഹിക്കുന്നത്. ആണവായുധങ്ങൾ പാടില്ലെന്ന കർശന വ്യവസ്ഥയൊഴിച്ചാൽ, മറ്റ് ആവശ്യങ്ങളെല്ലാം അംഗീകരിക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നയതന്ത്ര പോരാട്ടത്തിൽ അമേരിക്ക വിജയത്തിന്റെ അരികിലാണെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പരിപൂർണ്ണമായ വിജയം പ്രഖ്യാപിക്കാൻ സാധിക്കുമെന്നുമാണ് കരുതുന്നത്. വളരെ പെട്ടെന്ന് തന്നെ കാര്യങ്ങൾ അനുകൂലമാകുമെന്നും അതോടെ എണ്ണവില വലിയ തോതിൽ താഴേക്ക് വരുമെന്നും ട്രമ്പ് വിശദീകരിച്ചു.

അതേസമയം, ഇറാനുമേലുള്ള ആക്രമണങ്ങൾ താൽക്കാലികമായി അവസാനിപ്പിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായ ഒരു വെടിനിർത്തൽ കരാറിനെക്കുറിച്ച് അദ്ദേഹം ഇതുവരെ സ്ഥിരീകരണമൊന്നും നൽകിയിട്ടില്ല. നിലവിൽ ഇറാനും ഇസ്രായേലിനെതിരായ നേരിട്ടുള്ള ആക്രമണങ്ങൾ നിർത്തിവെച്ചിരിക്കുകയാണ്. എങ്കിലും, തെക്കൻ ലെബനനിൽ ഇസ്രായേൽ ഇപ്പോഴും തുടരുന്ന ആക്രമണങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായി തിരിച്ചടിക്കുമെന്ന മുന്നറിയിപ്പ് ഇറാൻ നൽകിയിട്ടുണ്ട്.

ഇറാനെതിരെയുള്ള യുദ്ധത്തിൽ വിജയം സുരക്ഷിതമാണെന്ന് ട്രമ്പ് പ്രഖ്യാപിക്കുന്നത് ഇതാദ്യമായല്ല. മുൻപ് ഏപ്രിൽ 7-ന് പ്രഖ്യാപിച്ച വെടിനിർത്തലിന് മുന്നോടിയായും, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള കരാർ അന്തിമമാക്കാൻ കൃത്യം രണ്ടാഴ്ചത്തെ സമയമുണ്ടെന്നാണ് ട്രമ്പ് അവകാശപ്പെട്ടിരുന്നത്. നിലവിലെ ട്രമ്പിന്റെ പുതിയ പ്രസ്താവന മിഡിൽ ഈസ്റ്റിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ എന്ത് മാറ്റമുണ്ടാക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.

Related Articles

Latest Articles