Thursday, October 1, 2026

അണികളില്ലാതെ ദീദി; ദില്ലിയിലെത്തിയ മമതയെ കൈവിട്ട് ടിഎംസി എംപിമാർ, പാർട്ടിയിൽ നിശബ്ദ കലാപം പുകയുന്നു

ദില്ലി : തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുടെ ദില്ലി സന്ദർശനത്തിനിടയിൽ പാർട്ടി എംപിമാർ കൂട്ടത്തോടെ കൂടിക്കാഴ്ച ഒഴിവാക്കിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വൻ ചർച്ചയാകുന്നു. മുൻകാലങ്ങളിൽ മമത തലസ്ഥാനത്തെത്തുമ്പോൾ സ്വീകരിക്കാനും കൂടിക്കാഴ്ച നടത്താനും എംപിമാരുടെ വലിയ നിര തന്നെയുണ്ടാകാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഭൂരിഭാഗം എംപിമാരും വിട്ടുനിന്നതോടെ മമതയുടെ സന്ദർശനം തികച്ചും വിരസമായി മാറി. ഇത് പാർട്ടി നേതൃത്വത്തിനെതിരെയുള്ള അണികളുടെ പരസ്യമായ നിശബ്ദ പ്രതിഷേധമായാണ് വിലയിരുത്തപ്പെടുന്നത്.

ഇത്തവണത്തെ സന്ദർശനത്തിൽ പാർട്ടിയിലെ പ്രമുഖ നേതാക്കളായ അഭിഷേക് ബാനർജിയും ഡെറിക് ഒബ്രിയാനും മാത്രമാണ് മമതയ്ക്കൊപ്പമുണ്ടായിരുന്നത്. മുഖ്യമന്ത്രി എത്തുന്നതിന് രണ്ട് ദിവസം മുൻപ് തന്നെ ദില്ലിയിലെത്തി കാര്യങ്ങൾ ഏകോപിപ്പിക്കാൻ അഭിഷേക് ബാനർജി ശ്രമിച്ചിരുന്നെങ്കിലും മറ്റ് എംപിമാരിൽ നിന്ന് തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്. കൂടിക്കാഴ്ചയ്ക്കായി പല എംപിമാരെയും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ല. പാർട്ടിയിലെ പ്രധാനികളായ നാല് വനിതാ എംപിമാരെങ്കിലും മമതയുടെ സന്ദർശന സമയത്ത് ദില്ലിയിൽ എത്താതിരിക്കാൻ ബോധപൂർവ്വം മാറിനിന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ ടിഎംസി നേതാക്കളുടെ സാന്നിധ്യം കൊണ്ട് എപ്പോഴും സജീവമായിരുന്ന അഭിഷേക് ബാനർജിയുടെ ദില്ലിയിലെ വസതി ഇപ്പോൾ പൂർണ്ണമായും തിരക്കൊഴിഞ്ഞ നിലയിലാണ്. സന്ദർശകരുടെ നീണ്ട നിരയും ഇവിടെ അപ്രത്യക്ഷമായി. ദില്ലിയിലെത്തുന്ന തൃണമൂൽ എംപിമാരുടെ പ്രധാന ഒത്തുചേരൽ കേന്ദ്രമായിരുന്ന മുതിർന്ന നേതാവ് സുഖേന്ദു ശേഖർ റോയിയുടെ വസതിയും സമാനമായ അവസ്ഥയിലാണ്. സുഖേന്ദു ശേഖർ റോയ് പാർട്ടിയിൽനിന്ന് രാജിവെച്ചതും തൃണമൂലിന് വലിയ തിരിച്ചടിയായിട്ടുണ്ട്.

ഒരുകാലത്ത് പാർട്ടിക്കുള്ളിൽ ചോദ്യംചെയ്യപ്പെടാത്ത ആധിപത്യവും വലിയ ജനപിന്തുണയും ആസ്വദിച്ചിരുന്ന മമതാ ബാനർജിക്കെതിരെ സ്വന്തം അണികളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ഉയരുന്ന ഈ വിമുഖത വലിയൊരു രാഷ്ട്രീയ മാറ്റത്തിന്റെ സന്ദേശമാണ് നൽകുന്നത്. വരും ദിവസങ്ങളിൽ ബംഗാൾ രാഷ്ട്രീയത്തിലും തൃണമൂൽ കോൺഗ്രസിനുള്ളിലും വലിയ പൊട്ടിത്തെറികൾക്ക് ഈ നിശ്ശബ്ദത വഴിമാറ്റിയേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Related Articles

Latest Articles