Monday, April 29, 2024
spot_img

മണിപ്പൂരിൽ സംഘർഷം രൂക്ഷം; കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ട് അക്രമികൾ

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം. കേന്ദ്ര വിദേശസഹമന്ത്രി ആർ.കെ. രഞ്ജൻ സിങ്ങിന്‍റെ ഇംഫാലിലെ വസതിക്ക് ജനക്കൂട്ടം തീയിട്ടു. വ്യാഴാഴ്ച രാത്രി 11ഓടെയാണ് ആക്രമണം. ഈസമയം കേന്ദ്ര മന്ത്രി വീട്ടിലില്ലായിരുന്നു. സംഘർഷം രൂക്ഷമായതിനെ തുടർന്ന് ഇംഫാലിൽ കർഫ്യൂ ഉണ്ടായിരുന്നിട്ടും അക്രമികൾ നഗരത്തിൽ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു. മറ്റ് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ദിവസം സംസ്ഥാനത്തെ ഏക വനിത മന്ത്രി വ്യവസായ വകുപ്പിന്റെ ചുമതലയുള്ള നെംച കിപ്ഗന്റെ ഔദ്യോഗിക വസതിക്കും ആക്രമികൾ തീയിട്ടിരുന്നു. കർഫ്യൂ തുടരുന്നതിനിടെയാണ് വീണ്ടും സംഘർഷം രൂക്ഷമാകുന്നത്. ഇംഫാലിൽ വ്യാഴാഴ്ച പ്രക്ഷോഭകർ സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു. പ്രക്ഷോഭകർ രണ്ടു വീടുകൾക്ക് തീയിട്ടു. സംഘർഷത്തിൽ ഒട്ടേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സംഘർഷം പൊട്ടിപ്പുറപ്പെട്ട ഇംഫാലിലെ ന്യൂ ചെകോണിൽ പ്രക്ഷോഭകരെ പിരിച്ചുവിടാൻ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു. ദ്രുതകർമ സേനയുടേയും അസം റൈഫിൾസിന്റെയും നേതൃത്വത്തിൽ സംഘർഷ മേഖലകളിൽ പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം കുകി വംശജർ താമസിക്കുന്ന ഖമെൻലോക് ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു.

Related Articles

Latest Articles