Friday, May 3, 2024
spot_img

പശ്ചിമേഷ്യയിലെ സംഘർഷം ! ടെൽ അവീവിലേക്കുള്ള വിമാനസർവീസുകൾഎയർ ഇന്ത്യ ഈ മാസം 30 വരെ നിർത്തിവച്ചു

ദില്ലി : ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേൽ നഗരമായ ടെൽ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ച് എയര്‍ ഇന്ത്യ. നിലവില്‍ ഈ മാസം 30 വരെയാണ് സര്‍വീസുകള്‍ നിര്‍ത്തിയിരിക്കുന്നത്. നേരത്തെ ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ടെല്‍ അവീവ് വിമാന സര്‍വീസുകള്‍ അഞ്ച് മാസത്തെ ഇടവേളയ്ക്കുശേഷം മാര്‍ച്ച് മൂന്നിനാണ് എയര്‍ ഇന്ത്യ പുനരാരംഭിച്ചത്.

ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവിനും ദില്ലിക്കുമിടയിൽ പ്രതിവാരം നാല് വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. നേരത്തേ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കുമെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. സമൂഹ മാദ്ധ്യമമായ എക്‌സിലൂടെയായിരുന്നു ഇക്കാര്യം വിമാനക്കമ്പനി അറിയിച്ചത്.

‘പശ്ചിമേഷ്യയിലെ സാഹചര്യം കണക്കിലെടുത്ത് ടെല്‍ അവീവില്‍ നിന്നും തിരിച്ചുമുള്ള ഞങ്ങളുടെ വിമാന സര്‍വീസുകള്‍ ഏപ്രില്‍ 30 വരെ താത്കാലികമായി നിര്‍ത്തി. ഞങ്ങള്‍ കാര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാലയളവില്‍ ടെല്‍ അവീവിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കും. ഉപഭോക്താക്കളുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നത്.’ -എയര്‍ ഇന്ത്യ എക്സിൽ കുറിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി 011-69329333, 011-69329999 എന്നീ സഹായ നമ്പറുകളില്‍ വിളിക്കുകയോ തങ്ങളുടെ വെബ്‌സൈറ്റായ airindia.com സന്ദര്‍ശിക്കുകയോ ചെയ്യാമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. സഹായ നമ്പറുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും.

Related Articles

Latest Articles