Monday, May 13, 2024
spot_img

അഭിനന്ദനങ്ങൾ, ഋഷി സുനക് ! യുകെയുടെ പുതിയ പ്രധാനമന്ത്രി ഋഷി സുനക്കിന് അഭിനന്ദനങ്ങളുമായി സദ്ഗുരു

യു കെ പ്രധാനമന്ത്രി ഋഷി സുനക്കിന് അഭിനന്ദനം നേർന്ന് സദ്ഗുരു. ഇത് ശെരിക്കും രാജ്യം അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളതന്നെയാണെന്നും ഇത്തരമൊരു വാർത്ത അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഋഷി സുനക്കിനെ തന്റെ അഭിനന്ദനങ്ങൾ അറിയിച്ചത്.

അഭിനന്ദനങ്ങൾ, ഋഷി സുനക്! യുകെയുടെ പ്രധാനമന്ത്രി ഇന്ത്യൻ വംശജനാണ്. 1947-2022, 75 വർഷത്തിനുള്ളിൽ, ഇത് യഥാർത്ഥത്തിൽ അമൃത് മഹോത്സവമാണ്. അഭിനന്ദനങ്ങളും അനുഗ്രഹങ്ങളും നേരുന്നു- സദ്ഗുരു. ഇങ്ങനെയാണ് അദ്ദേഹം ട്വീറ്റിൽ കുറിച്ചത്.

അതേസമയം, ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ ഋഷി സുനക് ഇന്ന് ചുമതലയേൽക്കും. രാവിലെ ബക്കിങ്ഹാം കൊട്ടാരത്തിൽ ചാൾസ് രാജാവിനെ സന്ദർശിച്ച് ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷമാണ് സ്ഥാനമേൽക്കുക. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണദ്ദേഹം.

രാജിവെച്ച പ്രധാനമന്ത്രി ലിസ് ട്രസും രാവിലെ രാജാവിനെ സന്ദർശിക്കും. തുടർന്ന് 10.15ന് ഡൗണിങ് സ്ട്രീറ്റിലെ വസതിക്കു മുന്നിൽ വിടവാങ്ങൽ പ്രസംഗം നടത്തും. ഇതിന് പിന്നാലെ ഋഷി സുനക് രാജാവിനെ സന്ദർശിക്കും. ബക്കിങ്ഹാം പാലസിൽനിന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പർ വസതിയിലെത്തി 11:35 ന് ഋഷി സുനക് രാജ്യത്തെ അഭിസംബോധന ചെയ്യും. ഉച്ചയ്‌ക്ക് ശേഷം കാബിനറ്റ് അംഗങ്ങളുടെ നിയമനവും ഉണ്ടാവും.

മത്സരിക്കാൻ ഒരുങ്ങിയ പെന്നി മോർഡന്റ് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് ഋഷി സുനക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നേരത്തെ മത്സരത്തിൽ നിന്നും പിന്മാറിയിരുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ എത്തുന്ന ആദ്യ ഇന്ത്യൻ വംശജനായി ഋഷി ചരിത്രത്തിലിടം പിടിക്കുമ്പോൾ ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലും ആഘോഷം സജീവമാവുകയാണ്.

Related Articles

Latest Articles