ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്‍റണി ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച് കേരളത്തിലേക്ക് മടങ്ങുന്നു. ഇനി പ്രവര്‍ത്തന മേഖല തിരുവനന്തപുരം കേന്ദ്രീകരിച്ചാകുമെന്നും എ.കെ ആന്‍റണി പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി ഇതുവരെ നല്‍കിയതില്‍ സംതൃപ്തനാണ്, തുടര്‍ന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് പ്രത്യേക പദ്ധതിയില്ലെന്നും ഭാവി പരിപാടികള്‍ എല്ലാവരോടും കൂടിയാലോചിച്ചാകുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
പാര്‍ട്ടി അനുവദിക്കുന്നത് വരെ ഇന്ദിരാഭവനിലുണ്ടാകും. സമയം ആകുമ്പോള്‍ പദവികളില്‍ നിന്നൊഴിയണം, അതാണ് തന്റെ നിലപാട്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ തനിക്ക് ലഭിച്ചതുപോലെ അവസരങ്ങള്‍ മറ്റാര്‍ക്കും ലഭിച്ചിട്ടില്ല. ജനങ്ങള്‍ വലിയ ഔദാര്യം കാണിച്ചു. എല്ലാവരോടും കടപ്പാട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോണ്‍ഗ്രസ് ഇല്ലാതെ പ്രതിപക്ഷത്തിന് നിലനില്‍പ്പില്ലെന്നും നെഹ്റു കുടുംബത്തിന് പ്രാമുഖ്യമില്ലാതെ കോണ്‍ഗ്രസില്ലെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. നെഹ്‌റു കുടുംബത്തെ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറയുകയും ചെയ്തു.

