Saturday, April 27, 2024
spot_img

കർണാടകയിൽ കോൺഗ്രസിന് തലവേദന ! സിദ്ധരാമയ്യയ്ക്ക് വേണം ‘ആര് നിന്നാലും ജയിക്കുന്ന ഒരു മണ്ഡലം’

ബെംഗളൂരു : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയ്ക്ക് വിജയ സാധ്യതയുള്ള മണ്ഡലം ഇതുവരെയും കണ്ടെത്താനാകാതെ കുഴഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം. നേരത്തെ കോലാറില്‍ മത്സരിക്കുമെന്നു പ്രഖ്യാപിച്ചിരുന്ന സിദ്ധരാമയ്യയ്ക്ക് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തുടർന്ന് തീരുമാനം മാറ്റേണ്ടി വരുമെന്നാണ് സൂചന. കന്നഡ പുതുവത്സര ദിനമായ ഉഗാദിക്കുശേഷം വ്യാഴാഴ്ചയ്ക്കു മുന്‍പായി കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങും എന്നാണ് കരുതുന്നത്.

ബാഗല്‍കോട്ട് ജില്ലയിലെ ബദാമിയില്‍ നിന്നും കഴിഞ്ഞ തവണ വിജയിച്ച സിദ്ധരാമയ്യ, കോലാറാണ് ഇനിയുള്ള കര്‍മ മണ്ഡലമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് എടുത്തെറിയപ്പെട്ട കോലാറില്‍ മുതിര്‍ന്ന നേതാവിനെ ഇറക്കുന്നത് മണ്ടത്തരമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി നടത്തിയ സര്‍വേയിലും ഉറച്ച മണ്ഡലമെന്ന രീതിയിൽ കോലാർ പരിഗണിക്കപ്പെടുന്നില്ല.

നേതൃത്വം നിർദേശിക്കുന്ന മണ്ഡലത്തിൽ മത്സരിക്കുമെന്ന് സിദ്ധരാമയ്യ ഒടുവിൽ സമ്മതിച്ചിട്ടുണ്ട്. തിങ്കളാഴ്ച ബല്‍ഗാമിലെ പരിപാടിക്കായി രാഹുൽ ഗാന്ധി സംസ്ഥാനത്ത് എത്തുന്നുണ്ട്. കോണ്‍ഗ്രസ് കോട്ടയായി കരുതുന്ന മൈസൂരുവിലെ വരുണ മണ്ഡലത്തില്‍ നിലവിൽ സിദ്ധരാമയ്യയുടെ മകനായ യതീന്ദ്രയാണ് സിറ്റിംഗ് എംഎൽഎ. യതീന്ദ്ര, അച്ഛനുവേണ്ടി മാറിക്കൊടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞതവണ മൈസൂരുവിലെ ചാമുണ്ടേശ്വരിയിലും ബദാമിയിലുമായി രണ്ടിടങ്ങളിലാണു സിദ്ധരാമയ്യ മത്സരിച്ചത്. ഇതില്‍ ചാമുണ്ടേശ്വരിയില്‍ ജെഡിസിനോടു ദയനീയ തോൽവി ഏറ്റുവാങ്ങിയപ്പോൾ ബദാമിയില്‍ നേരിയ ഭൂരിപക്ഷത്തിനാണു മറുകര കണ്ടത്.

Related Articles

Latest Articles