Friday, April 26, 2024
spot_img

കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി; കപിൽ സിബൽ കോൺഗ്രസ് വിട്ടു, ഇനി സമാജ്‌വാദി പാർട്ടിയിലേക്ക് ?

ദില്ലി: കോണ്‍ഗ്രസിന് വീണ്ടും കനത്ത തിരിച്ചടി. പ്രമുഖ നേതാവ് കോൺഗ്രസ്‌ വിട്ടു. മുതിർന്ന പാർട്ടി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കപില്‍ സിബലാണ് ഇപ്പോൾ കോണ്‍ഗ്രസ് പാർട്ടിയോട് വിട പറഞ്ഞത്.
കപിൽ സിബൽ നിലവിൽ അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടിയിൽ ചേർന്ന് ഈ മാസം അവസാനം നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എസ്പി ടിക്കറ്റില്‍ മത്സരിക്കും. ഉത്തർപ്രദേശില്‍ നിന്നായിരിക്കും തെരെഞ്ഞെടുപ്പിൽ മത്സരിക്കുക.

അതേസമയം, ഉത്തർപ്രദേശിൽ കപിൽ സിബൽ സമാജ്‌വാദി പാർട്ടിയുടെ സ്ഥാനാർത്ഥിയായി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചു. പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സാന്നിധ്യത്തിലാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. മുതിർന്ന അഭിഭാഷകൻ എന്ന നിലയിൽ യാദവ് കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തികൂടിയാണ് കപില്‍ സിബല്‍.

2017 ജനുവരിയിൽ ശിവപാല്‍ യാദവുമായി കുടുംബ വഴക്ക് രൂപപ്പെട്ടപ്പോള്‍ അഖിലേഷ് യാദവിന് ‘സൈക്കിൾ’ ചിഹ്നം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനിലടക്കം വാദിച്ചത് കപില്‍ സിബലായിരുന്നു.

Related Articles

Latest Articles