Saturday, October 24, 2026

സഭയിലെ പ്രതിഷേധങ്ങൾക്ക് ഒടുവിൽ സമവായം: പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ നാളെ ലോക്‌സഭയിൽ ചർച്ച നടക്കും

ദില്ലി : പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് തടസ്സപ്പെട്ട പൊതുപരീക്ഷാ ഭേദഗതി ബില്ലിൽ നാളെ ലോക്‌സഭയിൽ ചർച്ച നടക്കും. ദില്ലിയിൽ വിദ്യാർത്ഥി പ്രക്ഷോഭമെന്ന പേരിൽ നടന്ന അക്രമങ്ങൾക്ക് നേരെ നടന്ന പോലീസ് നടപടിയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചതോടെയാണ് ഇന്ന് പാർലമെന്റിൽ നടപടികൾ തടസ്സപ്പെട്ടത്. തുടർന്ന് വൈകുന്നേരം സഭാ നടപടികൾ അവസാനിച്ച ശേഷം സ്പീക്കർ ഓം ബിർള നടത്തിയ സമവായ നീക്കങ്ങൾക്കൊടുവിലാണ് നാളെ സഭയിൽ ആറ് മണിക്കൂർ നീളുന്ന ചർച്ച നടത്താൻ ധാരണയായത്.

പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനായി പരമാവധി പത്ത് വർഷം വരെ തടവും പത്ത് കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബിൽ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ലോക്‌സഭയിൽ അവതരിപ്പിച്ചത്. ഇതിനിടെ പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. വിദ്യാർത്ഥികളുടെ ഭാവിയെ കരുതുന്ന നിയമനിർമ്മാണത്തെ പ്രതിപക്ഷം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു ആരോപിച്ചതോടെ സഭയിൽ ബഹളം കൂടുതൽ ശക്തമായി. ഒടുവിൽ പ്രതിപക്ഷ നേതാക്കളുമായി സ്പീക്കർ നടത്തിയ ചർച്ചയിലാണ് നാളത്തെ നടപടികളുമായി സഹകരിക്കാൻ പ്രതിപക്ഷം തയാറായത്.

Related Articles

Latest Articles