Tuesday, October 13, 2026

ബെർലിനിൽ നടന്നത് ഇസ്ലാമിക ഭീകരാക്രമണം! അക്രമിയെ പോലീസ് വെടിവെച്ച് കൊന്നു

ബർലിൻ: ജർമ്മൻ തലസ്ഥാനമായ ബർലിനിൽ പ്രൈഡ് പരേഡിനിടെ ആൾക്കൂട്ടത്തിലേക്ക് വാൻ ഇടിച്ചുകയറ്റിയ പ്രതിയെ പോലീസ് വെടിവെച്ചുകൊന്നു. വെസ്റ്റ് ബർലിനിലെ സ്പാൻഡൗ മേഖലയിൽ വെച്ചാണ് ഇരുപത്തൊന്നുകാരനായ അബ്ദുൾ ബല്ലൗട്ട് എന്ന പ്രതിയെ പോലീസ് വധിച്ചത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ മൂർച്ചയേറിയ ആയുധവുമായി പോലീസിന് നേരെ പാഞ്ഞടുത്തതിനെ തുടർന്നാണ് ക്രൈം വിഭാ​ഗത്തിലെ പ്രത്യേക ഉദ്യോ​ഗസ്ഥർ വെടിയുതിർത്തതെന്ന് ബർലിൻ പോലീസ് സ്ഥിരീകരിച്ചു.

ശനിയാഴ്ച രാത്രി ബർലിനിലെ ടിയർഗാർട്ടൻ പാർക്കിന് സമീപം നടന്ന പരേഡിനിടയിലേക്ക് പ്രതി വാടകയ്‌ക്കെടുത്ത വാൻ ഇടിച്ചുകയറ്റുകയും തുടർന്ന് ജനങ്ങൾക്ക് നേരെ അക്രമം നടത്തുകയുമായിരുന്നു. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വ്യാപകമായ തിരച്ചിൽ നടത്തിവരികയായിരുന്നു. ഇയാൾ തനിച്ചാണ് ആക്രമണം നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി.

പ്രതി ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ മുൻപ് ശ്രമങ്ങൾ നടത്തിയിട്ടുള്ളതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. അതിനാൽ തന്നെ ഉണ്ടായത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരാക്രമണമാണെന്ന് സംശയിക്കുന്നതായി ജർമ്മൻ ആഭ്യന്തര മന്ത്രി അലക്സാണ്ടർ ഡോബ്രിന്റ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. ഭീകരവാദത്തിന്റെ വിഷവിത്തുകൾ സമൂഹത്തിൽ പടരാൻ അനുവദിക്കില്ലെന്നും ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിക്കാൻ രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും ജർമ്മൻ ചാൻസലർ ഫ്രീഡ്രിഹ് മെർസ് വ്യക്തമാക്കി. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റ് മന്ദിരമായ റൈ സാഗിൽ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടി.

Related Articles

Latest Articles