Sunday, April 28, 2024
spot_img

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉളളടക്കങ്ങൾ നീക്കം ചെയ്യണം; എക്സ്, യൂട്യൂബ്, ടെലിഗ്രാം എന്നിവയ്ക്ക് നോട്ടീസ് നൽകി ഐടി മന്ത്രാലയം

ദില്ലി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ അടിയന്തിരമായി നീക്കം ചെയ്യണമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര ഐടി മന്ത്രാലയം. സമൂഹമാദ്ധ്യമങ്ങളായ യൂട്യൂബ്, ടെലിഗ്രാം, എക്‌സ് എന്നിവയ്‌ക്കാണ് ചൈൽഡ് സെക്ഷ്വൽ അബ്യൂസ് മെറ്റീരിയൽ (CSAM) അടിയന്തിരമായി നീക്കം ചെയ്യാൻ നോട്ടീസ് നൽകിയത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഉള്ളടക്കങ്ങളിലേക്കുള്ള പ്രവേശനം അടിയന്തിരമായി നിരോധിക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു.

നിർദ്ദേശങ്ങൾ അവഗണിക്കുന്നത് 2021ലെ ഐടി നിയമങ്ങളായ റൂൾ 3(1)(ബി), റൂൾ 4(4) എന്നിവയുടെ ലംഘനമായി കണക്കാക്കും. നോട്ടീസിലെ നിർദ്ദേശങ്ങൾ നടപ്പിലാകാൻ വൈകിയാൽ ഐടി നിയമത്തിലെ വകുപ്പ് 79 പ്രകാരം പ്ലാറ്റുഫോമുകൾക്ക് ലഭിച്ചു വരുന്ന സേഫ് ഹാർബർ പ്രൊട്ടക്ഷൻ പരിരക്ഷ മാറ്റുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

‘എക്സ്, യുട്യൂബ്, ടെലിഗ്രാം എന്നിവയുടെ പ്ലാറ്റ്ഫോമുകളിൽ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടാനിടയുള്ള ഉള്ളടക്കം നിലവിലില്ലെന്ന് ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് അയച്ചിട്ടുണ്ട്. രാജ്യത്തെ ഐടി നിയമങ്ങൾക്ക് കീഴിൽ സുരക്ഷിതവും വിശ്വസനീയവുമായ ഇൻറർനെറ്റ് ഉറപ്പാക്കുന്നതിനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിന്റെ ഭാഗമാണത്’ എന്ന് കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

Related Articles

Latest Articles