Saturday, May 18, 2024
spot_img

ബ്ലാസ്റ്റേഴ്‌സിനെതിരായ വിവാദ ഗോൾ; ഛേത്രിക്കെതിരെ ആഞ്ഞടിച്ച് സന്ദീപ് വാരിയർ

കൊച്ചി : വെള്ളിയാഴ്ച്ച നടന്ന ഐഎസ്‌എൽ പ്ളേ ഓഫ് മത്സരത്തിലെ വിവാദങ്ങൾ അടങ്ങുന്നില്ല. കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ അവസാന നിമിഷം നേടിയ ഫ്രീകിക്ക് ഗോളിലൂടെയാണ് ബെംഗളൂരു എഫ്സി മത്സരവും സെമിയിലേക്കുള്ള ബെർത്തും നേടിയത് . എന്നാൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ തയ്യാറാകുന്നതിന് മുന്നേയാണ് ബെംഗളൂരു താരം സുനില്‍ ഛേത്രി ഫ്രീകിക്കെടുത്തത്. ഗോൾ അനുവദിക്കരുത് എന്ന ആവശ്യവുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ മുന്നോട്ടു വന്നെങ്കിലും റഫറി തീരുമാനം മാറ്റിയില്ല. തുടർന്ന് മത്സരം പൂർത്തിയാക്കുന്നതിനുമുന്നേ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഗ്രൗണ്ട് വിട്ടു.
മത്സരശേഷം ഛേത്രിക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്.

ഇപ്പോൾ ഛേത്രിക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സന്ദീപ് വാരിയർ രംഗത്തെത്തിയിരിക്കുകയാണ്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഛേത്രിയെ വിമർശിച്ചിരിക്കുന്നത്.

സന്ദീപ് വാരിയർ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം

സമകാലിക ഫുട്ബോളിലെ ഗോൾ വേട്ടക്കാരെ പരിശോധിച്ചാൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും മെസിക്കും തൊട്ടുപിന്നിലുള്ളയാളാണ് സുനിൽ ഛേത്രി. ഇന്ത്യയിലെ ഫുട്ബോൾ ആരാധകർ ഏറെ ബഹുമാനത്തോടെ കാണുന്നയാൾ. എന്നാൽ, ഐഎസ്എല്ലിൽ കഴിഞ്ഞ ദിവസം നടന്ന പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെതിരായ മത്സരത്തിൽ ബെംഗളുരു എഫ്സിക്കായി കളിച്ച സുനിൽ ഛേത്രിയുടെ ഗോൾ നേട്ടത്തിന് സ്വീകരിച്ച രീതി ധാർമികതയ്ക്കോ സ്പോർട്സ്മാൻ സ്പിരിറ്റിനോ യോജിക്കുന്നതല്ല.

കളിയുടെ നിയമത്തിനകത്തുനിന്ന് നിങ്ങളുടെ പ്രവർത്തി ന്യായീകരിക്കപ്പെടാം. എന്നാൽ കേവലം സാങ്കേതികതയ്ക്കപ്പുറം വലിയ മൂല്യങ്ങൾക്കു കൂടി ഇടമുള്ള കളിയാണ് ഫുട്ബോൾ. അവിടെ നിങ്ങൾ പരാജയപ്പെട്ടിരിക്കുന്നു, മത്സരത്തിൽ നിങ്ങൾ വിജയിച്ചാലും. റഫറിയുടെ പക്ഷപാതപരമായ ഇടപെടലുകൾ മത്സരത്തിലുടനീളം വ്യക്തമായിരുന്നു. ഫ്രീകിക്കുകൾ വളരെ വേഗം എടുത്ത് ബ്ലാസ്റ്റേഴ്സിനെ സമ്മർദത്തിലാക്കുക എന്നത് റഫറിയുടെ സഹായത്തോടെ ബംഗളൂരു നടപ്പിലാക്കുന്നുണ്ടോ എന്നു സംശയം ജനിപ്പിക്കുന്ന പെരുമാറ്റങ്ങളായിരുന്നു റഫറിയുടെ ഭാഗത്തു നിന്നുണ്ടായത്.

അതിശക്തരായ ഒരു ടീം എന്നൊന്നും അവകാശപ്പെടാവുന്ന ടീമല്ല ബ്ലാസ്റ്റഴ്സ്. എന്നാൽ പരിശീലകൻ വുക്കൊമാനോവിച്ചിന്റെ നേതൃത്വത്തിൽ പോരാട്ട വീര്യവും ഒത്തിണക്കവും ടൂർണമെന്റിലുടനീളം പുറത്തെടുക്കാൻ ടീമിനായി. കഴിഞ്ഞ ദിവസത്തെ മത്സരത്തിലും അതു പ്രകടമായിരുന്നു.

കളിക്കളത്തിലെ മാന്യതയും ധാർമികതയും ഉയർത്തിപ്പിടിക്കാൻ കളിക്കാർ തയാറാകുമ്പോഴാണ് മത്സരത്തിന് മാനവികത കൈവരുന്നത്.

ഛേത്രി അത് നഷ്ടപ്പെടുത്തിയിരിക്കുന്നു. വെൽഡൺ ബ്ലാസ്റ്റേഴ്സ് …!

Related Articles

Latest Articles