Thursday, May 2, 2024
spot_img

ഇതുവരെ കൊറോണ ബാധിതർ 123,കേന്ദ്ര നിർദ്ദേശപ്രകാരം രാജ്യത്തെ എല്ലാ സ്കൂളുകളും അടയ്ക്കും…

കൊറോണ വൈറസ് കൂടുതൽ മേഖലകളിലേക്കു പടരുകയും രോഗബാധിതരുടെ എണ്ണം ഓരോ ദിവസവും വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ രാജ്യത്തെ മുഴുവൻ സ്കൂളുകളും മാളുകളും തിയേറ്ററുകളും അടച്ചിട്ട് പ്രതിരോധം കൂടുതൽ ശക്തമാക്കാനുള്ള നിർദ്ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇവയുൾപ്പെടെ ആളുകൾ ഒരുമിച്ചുകൂടുന്ന മുഴുവൻ കേന്ദ്രങ്ങളുടെയും പ്രവർത്തനം നിറുത്തിവയ്‌ക്കാനും ജീവനക്കാർക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ സ്വകാര്യ സ്ഥാപനങ്ങൾ അനുമതി നൽകാനും നിർദ്ദേശിച്ചതോടെ വരും ദിവസങ്ങളിൽ രാജ്യം അക്ഷരാർത്ഥത്തിൽ നിശ്ചലമാകുമെന്നതാണ് സാഹചര്യം.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ടർക്കി, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ നാളെ മുതൽ ഇന്ത്യയിലേക്കുള്ള വിമാനങ്ങളിൽ കയറ്റരുതെന്ന് കേന്ദ്ര മന്ത്രിസഭയുടെ ഉന്നതതല സിമിതി യോഗത്തിനു ശേഷം ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പുറപ്പെടുവിച്ച നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും,​ വീടിനു പുറത്തിറങ്ങുന്നവർ മറ്റുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

കേരളം, മഹാരാഷ്‌ട്ര, ലഡാക്ക്, ഒഡിഷ എന്നിവിടങ്ങളിൽ പുതിയ കേസുകൾ സ്ഥിരീകരിക്കപ്പെട്ടതോടെ രാജ്യത്ത് കൊറോണ ബാധിതരുടെ സംഖ്യ 123 ആയി ഉയർന്നു.

Related Articles

Latest Articles