Sunday, October 4, 2026

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ തിരുത്തൽ: രണ്ട് ക്രിമിനൽ കേസുകൾ വെളിപ്പെടുത്തി ടിവികെ അദ്ധ്യക്ഷൻ വിജയ്

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമർപ്പിച്ച നാമനിർദ്ദേശ പത്രികയിലെ വിവരങ്ങളിൽ തിരുത്തലുകളുമായി തമിഴക വെട്രി കഴകം അദ്ധ്യക്ഷൻ വിജയ് പുതിയ സത്യവാങ്മൂലം സമർപ്പിച്ചു. നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നുമില്ലെന്നാണ് താരം വ്യക്തമാക്കിയിരുന്നത്. എന്നാൽ ചെന്നൈയിലും മധുരയിലുമായി രജിസ്റ്റർ ചെയ്യപ്പെട്ട രണ്ട് കേസുകളുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഏപ്രിൽ 4-നാണ് റിട്ടേണിംഗ് ഓഫീസർക്ക് മുൻപാകെ പുതിയ രേഖകൾ സമർപ്പിച്ചത്. ചെന്നൈ പെരവള്ളൂർ പോലീസ് സ്റ്റേഷനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊതുജനങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസും, 2025-ൽ മധുരയിലെ പാർട്ടി കോൺഫറൻസിനിടെ ഉണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസുമാണ് പുതുതായി വെളിപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് ചെന്നൈയിലെ കേസിനെക്കുറിച്ച് അറിഞ്ഞതെന്നും മധുരയിലെ കേസിൽ ഇതുവരെ ഔദ്യോഗിക സമൻസ് ലഭിച്ചിട്ടില്ലെന്നും വിജയ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

ക്രിമിനൽ കേസുകളുടെ കാര്യത്തിൽ മാറ്റമുണ്ടായെങ്കിലും സാമ്പത്തിക വിവരങ്ങളിൽ വലിയ വ്യത്യാസങ്ങളില്ല. പുതിയ കണക്കുകൾ പ്രകാരം വിജയ്യുടെ മൊത്തം ചരാസ്തി 410.59 കോടി രൂപയാണ്. ഇതിൽ 15 ലക്ഷം രൂപയുടെ വെള്ളി ഉരുപ്പടികളും ഒരു കോടി ഇരുപത് ലക്ഷത്തിലധികം വിലവരുന്ന 883 ഗ്രാം സ്വർണ്ണാഭരണങ്ങളും ഉൾപ്പെടുന്നു. നീലാങ്കരൈ, സാലിഗ്രാമം എന്നിവിടങ്ങളിലെ വാണിജ്യ-താമസ കെട്ടിടങ്ങൾ ഉൾപ്പെടെയുള്ള അചരാസ്തികളുടെ വിപണി മൂല്യം 220.15 കോടി രൂപയായും കണക്കാക്കിയിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ തനിക്ക് 184.53 കോടി രൂപ വരുമാനമുണ്ടായതായും മൂന്ന് കോടി നാൽപ്പത്തിനാല് ലക്ഷം രൂപയുടെ ആദായ നികുതി കുടിശ്ശിക അപ്പീലിൽ ആണെന്നും താരം സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിലാണ് വിജയ് ജനവിധി തേടുന്നത്. ആദ്യം പെരമ്പൂരിൽ നൽകിയ സത്യവാങ്മൂലവും പിന്നീട് തൃച്ചിയിൽ നൽകിയ സത്യവാങ്മൂലവും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ഒഴിവാക്കാനാണ് ഇപ്പോൾ പെരമ്പൂർ മണ്ഡലത്തിൽ അനുബന്ധ സത്യവാങ്മൂലം സമർപ്പിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശങ്ങൾ പാലിച്ച് നിലവിലുള്ള എല്ലാ നിയമനടപടികളും വെളിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ തിരുത്തൽ വരുത്തിയത്. ഏപ്രിൽ 23-നാണ് തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. വരും ദിവസങ്ങളിൽ ഈ വെളിപ്പെടുത്തൽ തമിഴ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.

Related Articles

Latest Articles