തിരുവനന്തപുരം : സംസ്ഥാനത്ത് കൊടുംചൂടിനിടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ നടപ്പാക്കുന്ന അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗും വൈദ്യുതി നിയന്ത്രണവും ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തെരഞ്ഞെടുപ്പ് കാലത്ത് പവർകട്ടില്ലാത്ത പത്ത് വർഷമെന്ന് വീമ്പിളക്കിയ സർക്കാർ, ഇപ്പോൾ ജനങ്ങളെ നിസഹായരാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. വൈദ്യുതി ബില്ലിനെപ്പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചവർ ഇന്ന് പ്രതിസന്ധിയുടെ മുന്നിൽ പകച്ചുനിൽക്കുകയാണ്. അപ്രഖ്യാപിത ലോഡ്ഷെഡ്ഡിങ് ഉടൻ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും, ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നിയന്ത്രണം തുടർന്നാൽ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
സർക്കാരിലെയും വൈദ്യുതി ബോർഡിലെയും റെഗുലേറ്ററി കമ്മിഷനിലെയും ഉന്നതർ അഴിമതി ലക്ഷ്യമിട്ട് നടത്തിയ വഴിവിട്ട നീക്കങ്ങളാണ് നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമായതെന്ന് സതീശൻ ആരോപിച്ചു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് വളരെ കുറഞ്ഞ നിരക്കിൽ ദീർഘകാലത്തേക്ക് വൈദ്യുതി വാങ്ങാൻ ഒപ്പിട്ട കരാറുകൾ അഴിമതി മാത്രം മുൻനിർത്തിയാണ് പിണറായി സർക്കാർ റദ്ദാക്കിയത്. യൂണിറ്റിന് ശരാശരി നാലു രൂപ 29 പൈസയ്ക്ക് ലഭിച്ചിരുന്ന 465 മെഗാവാട്ട് വൈദ്യുതിയുടെ കരാറാണ് സർക്കാർ അട്ടിമറിച്ചത്. അന്ന് യു.ഡി.എഫ് സർക്കാർ സജ്ജമാക്കിയ പവർ കോറിഡോറും ഈ കരാറും ഉപയോഗപ്പെടുത്തിയാണ് പവർ കട്ട് ഒഴിവാക്കി വന്നതെന്ന് പിണറായി സർക്കാർ മേനി നടിച്ചത്. എന്നാൽ കരാർ റദ്ദാക്കിയതോടെ ആറു മുതൽ 12 രൂപ വരെ നൽകി വൈദ്യുതി വാങ്ങേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. ഇതിലൂടെ ദിവസേന 15 മുതൽ 20 കോടി രൂപയുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമാന്യബുദ്ധിക്ക് നിരക്കാത്ത നടപടിയാണ് ദീർഘകാല വൈദ്യുതി പർച്ചേസ് കരാർ റദ്ദാക്കൽ. അഴിമതി ലക്ഷ്യമിട്ട ഈ തീരുമാനത്തിൽ റെഗുലേറ്ററി കമ്മിഷനൊപ്പം കെ.എസ്.ഇ.ബിക്കും സർക്കാരിലെ ഉന്നതർക്കും സി.പി.എം നേതൃത്വത്തിനും പങ്കുണ്ട്. സർക്കാർ പറയുന്നതെന്തും ചെയ്യുന്ന നിലയിലേക്ക് റെഗുലേറ്ററി കമ്മിഷൻ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കരാർ അട്ടിമറിക്കപ്പെട്ടതിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ദീർഘകാല കരാറുകൾ നിലനിർത്തിയിരുന്നെങ്കിൽ ഇപ്പോഴത്തെ ലോഡ്ഷെഡ്ഡിംഗും നിരക്ക് വർദ്ധനയും ഒഴിവാക്കാമായിരുന്നു. കരാർ റദ്ദാക്കിയതിലൂടെ കമ്പനികൾക്ക് 2000 കോടി രൂപയുടെ ലാഭമാണ് ഉണ്ടായത്. ഇതിന്റെ വിഹിതം ആർക്കൊക്കെ ലഭിച്ചെന്ന് ജനങ്ങളെ അറിയിക്കാൻ സർക്കാർ ബാധ്യസ്ഥരാണ്. യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഈ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

