Saturday, May 18, 2024
spot_img

കൈക്കൂലിയിൽ മുങ്ങി സർക്കാർ ഓഫീസുകൾ; കൊച്ചി ആർഡിഒ ഓഫീസിൽ കൂട്ട സ്ഥലംമാറ്റം

കാക്കനാട്: കൊച്ചി ആർഡിഒ ഓഫീസിൽ കൂട്ട സ്ഥലംമാറ്റം. അഴിമതി, കൈക്കൂലി ആരോപണങ്ങളെ തുടർന്നാണ് ഫോർട്ട്കൊച്ചി ആർ.ഡി.ഒ ഓഫീസിലെ മുഴുവൻ ജീവനക്കാരെയും സ്ഥലം മാറ്റിയിരിക്കുന്നത്.
എറണാകുളം ജില്ലയുടെ ചരിത്രത്തിൽ ഇത്തരമൊരു സംഭവം ആദ്യമാണ്. കോവിഡ് കാലത്ത് കളക്ടറേറ്റിൽ പോലും പരാതികളും അപേക്ഷകളും നേരിട്ട് വാങ്ങിയപ്പോൾ ആർ.ഡി.ഒ ഓഫീസിൽ പെട്ടിയിൽ നിക്ഷേപിക്കാനായിരുന്നു നിർദേശം.

എന്നാൽ ഈ അപേക്ഷകൾ തപാൽ വിഭാഗത്തിൽ നിന്ന് നമ്പറിട്ട് ബന്ധപ്പെട്ട സെക്ഷനിൽ എത്തുന്നതിന് ആയിരങ്ങൾ കൈക്കൂലി നൽകേണ്ട അവസ്ഥയിലായിരുന്നു. ഫയലുകളുടെ സ്വഭാവം അനുസരിച്ച് കൈക്കൂലി പതിനായിരം മുതൽ ലക്ഷങ്ങൾ വരെയെത്തും. പത്തും പതിനഞ്ചും വർഷമായി ഈ ഓഫീസിൽ ജോലി ചെയ്യുന്നവരായിരുന്നു ഏറെയും. കഴിഞ്ഞ ആഴ്ച സബ് കളക്ടറുടെ ഉത്തരവ് നടപ്പാക്കാത്തതിന് ഒരു ക്ലർക്കിനെ ജില്ലാ കളക്ടർ കോതമംഗലത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ഈ ഉദോഗസ്ഥനു വേണ്ടി സി.പി.ഐ പ്രാദേശിക നേതൃത്വം ജില്ലാ കലക്ടർക്കുമേൽ സമ്മർദ്ദം ചെലുത്തിയെങ്കിലും വഴങ്ങിയില്ല. ഡെപ്യൂട്ടി തഹസിൽദാർ മുതൽ ഡ്രൈവർ വരെയുള്ള 21 പേരെയാണ് സ്ഥലം മാറ്റിയത്. ആർ.ഡി.ഒ ഓഫീസിനെക്കുറിച്ച് നിരവധി പരാതികൾ റവന്യൂ മന്ത്രിയ്ക്കും ലഭിച്ചിരുന്നതായാണ് വിവരം.

അതേസമയം ഫോർട്ട്കൊച്ചി ആർഡിഒ ഓഫീസ് കൂട്ട സ്ഥലംമാറ്റത്തിനു കാരണമായ പരാതിക്കാരിൽ വമ്പന്മാരും ഉണ്ടെന്നാണ് സൂചന. റിട്ട.ജസ്റ്റിസും മുൻ വിദേശകാര്യ ഉദ്യോഗസ്ഥനും നേവൽ ഉദ്യോഗസ്ഥനും ഉൾപ്പെടെയുള്ളവർ ആർഡിഒ ഓഫീസ് ജീവനക്കാരുടെ പെരുമാറ്റ ദൂഷ്യത്തിന് ഇരയായിട്ടുണ്ടെന്ന പരാതിയാണ് മന്ത്രി ഉൾപ്പെടെയുള്ളവർക്കു ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നികത്തു ഭൂമി തരം മാറ്റം സംബന്ധിച്ച അപേക്ഷ സ്വീകരിച്ചു നമ്പർ ഇട്ടു നൽകാൻ പോലും ചിലർ വൻ തുക കൈക്കൂലി വാങ്ങിയതായാണ് പരാതി. ഇതിനു തയ്യാറാകാത്തവരുടെ അപേക്ഷ സ്വീകരിക്കാതിരിക്കൽ, അനാവശ്യ പോരായ്മകൾ പറഞ്ഞു മടക്കൽ, നേരത്തെ സമർപ്പിച്ച അപേക്ഷകൾ കാണാതാകൽ തുടങ്ങിയ ആക്ഷേപങ്ങളും ഓഫിസിനെതിരെ നിലവിലുണ്ടായിരുന്നു. സ്വാധീനം ഉപയോഗിച്ചു ആർഡിഒ ഓഫീസിലേക്ക് സ്ഥലം മാറ്റം വാങ്ങിയവരുമുണ്ട്. വർഷങ്ങളായി ഈ ഓഫീസിൽ മാത്രം ജോലി ചെയ്യുന്നവരും ഇന്നലെ മാറ്റപ്പെട്ടവരിലുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles