Friday, May 17, 2024
spot_img

ഞെട്ടിപ്പിക്കുന്ന കണക്കുമായി കേന്ദ്രസർക്കാർ: ഇന്ത്യയിൽ ഇതുവരെ പിടിയിലായത് 115 ഭീകരരും അനുഭാവികളും

ദില്ലി: രാജ്യത്ത് ഇതുവരെ പിടികൂടിയ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെയും അനുഭാവികളുടെയും കണക്കുമായി കേന്ദ്രസർക്കാർ. രാജ്യത്ത് ഇതുവരെ 155 ഐഎസ് ഭീകരരും അനുഭാവികളും പിടിയിലായതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട വിവരം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി ലോക്സഭയിൽ എഴുതി നൽകിയ മറുപടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ അന്വേഷണ ഏജൻസികളും സംസ്ഥാന പൊലീസ് സേനകളും അറസ്റ്റ് ചെയ്ത ആളുകളുടെ ആകെ കണക്കാണിത്. 2016 മുതല്‍ 2019 വരെയുള്ള അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയ്യാറാക്കിയത്.

അറസ്റ്റിലായവരില്‍ ഐഎസിന്‍റെ ഉപസംഘടനയില്‍പ്പെട്ടവരുണ്ടെന്നും രാജ്യത്ത് പലയിടങ്ങളിലും ഇവര്‍ ഭീകരാക്രമണം ആസൂത്രണം ചെയ്തിരുന്നതായും ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലെവന്‍റ്, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍റ് സിറിയ എന്നിവയും ഇന്ത്യ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളാണ്. ഇവയെ യുഎപിഎ നിയമം 1967 ന്‍റെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമൂഹ മാദ്ധ്യമങ്ങളാണ് ഈ ഭീകര സംഘങ്ങളുടെ പ്രധാന ആശയ വിനിമയ മാർഗ്ഗം . യുവാക്കളെ ആകർഷിക്കാൻ ഈ സംഘടനകൾ വലിയ തോതില്‍ സമൂഹ മാദ്ധ്യമങ്ങളെ ഉപയോഗിക്കുന്നുണ്ട്. രാജ്യത്തെ അന്വേഷണ ഏജൻസികൾ സമൂഹ മാധ്യമങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

തീരദേശം ഉള്ള സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും തീരപ്രദേശങ്ങളിൽ പട്രോളിംഗ് കർശനമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.. തുടർച്ചയായി ഈ പ്രദേശങ്ങൾ നിരീക്ഷിക്കണമെന്നും ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.

കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് ഐഎസില്‍ ചേരാൻ നിരവധി യുവാക്കൾ പോയിട്ടുണ്ട്. ഇതു സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുകയാണ്. കേരളത്തില്‍ നിന്ന് ഐഎസില്‍ ചേരാനായി പോയ യുവാക്കള്‍ അഫ്ഗാനില്‍ വച്ച് അമേരിക്കന്‍ സൈന്യത്തിന്‍റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. അതുകൊണ്ട് തന്നെ കേരളം ദേശീയ അന്വേഷണ വിഭാഗത്തിന്‍റെ പ്രത്യേക അന്വേഷണ വലയത്തിലാണ് .

Related Articles

Latest Articles