Wednesday, November 4, 2026

ഇന്ത്യൻ മുജാഹിദീൻ ഭീകരൻ യാസിൻ ഭട്കലിനെതിരെ ​ഗുരുതര കുറ്റങ്ങൾ ചുമത്തി കോടതി; സൂറത്തിൽ ബോംബ് സ്‌ഫോടനത്തിന് മുമ്പായി നഗരത്തിൽ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കാൻ ഇന്ത്യൻ മുജാഹിദീൻ പദ്ധതിയിട്ടിരുന്നതായി ദില്ലി പട്യാല ഹൗസ് കോടതി

രാജ്യത്തിനെതിരെ തീവ്രവാദ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിയതിന് ഇന്ത്യൻ മുജാഹിദീൻ (ഐഎം) പ്രവർത്തകൻ യാസിൻ ഭട്കലിനും കട്ടാളികളായ പത്തു പേർക്കുമെതിരെ ദില്ലി പട്യാല ഹൗസ് കോടതി യുഎപിഎ കേസ് പ്രകാരം കുറ്റം ചുമത്തി . ഇയാൾ രാജ്യത്തിനെതിരെ നിരവധി തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തെന്ന് പ്രത്യേക എൻഐഎ ജഡ്ജി ശൈലേന്ദ്ര മാലിക് വ്യക്തമാക്കി. കേസിൽ മൂന്ന് പ്രതികളെ വെറുതെവിട്ടു.

ജിഹാദിന്റെ പേരിൽ മുസ്ലിം ഇതര വിഭാഗത്തിൽപ്പെടുന്ന ജനങ്ങളെ കൊല്ലുന്നതിനെ ന്യായീകരിക്കുന്ന കുറിപ്പുകളും ജിഹാദുമായി ബന്ധപ്പെട്ട വീഡിയോ ക്ലിപ്പുകളും ജിഹാദിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്ന താലിബിന്റെയും അൽ ഖ്വയ്ദയുടെയും വീഡിയോകളും അന്വേഷണ സംഘം ഇയാളിൽ കണ്ടെത്തിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി . ഇലക്ട്രോണിക്, ഡിജിറ്റൽ തെളിവുകൾ വിശകലനം ചെയ്തതിലൂടെ ഐഇഡികളും സ്‌ഫോടക വസ്തുക്കളും തയ്യാറാക്കുന്നതിലും ഭട്കലിന് വലിയ പങ്കുണ്ടെന്ന് തെളിഞ്ഞു.

സൂറത്തിൽ ബോംബ് സ്‌ഫോടനത്തിന് മുമ്പായി നഗരത്തിൽ നിന്ന് മുസ്ലീങ്ങളെ ഒഴിപ്പിക്കാൻ ഇന്ത്യൻ മുജാഹിദീൻ പദ്ധതിയിട്ടിരുന്നതായും കോടതി യാസിൻ ഭട്കലും സഹായി മൊഹമ്മദ് സാജിദും തമ്മിലുള്ള സംഭാഷണം പരിശോധിച്ച ശേഷം കോടതി ചൂണ്ടിക്കാട്ടി. 2013 ജൂൺ 1-ന് ഭട്കലും സാജിദും തമ്മിലുള്ള ചാറ്റിൽ ഛത്തീസ്ഗഡിൽ ഒരു കോൺഗ്രസ് നേതാവിന് നേരെയുള്ള മാവോയിസ്റ്റ് ആക്രമണത്തെ കുറിച്ച് ചർച്ച ചെയ്യുന്നതും ചില രാഷ്ട്രീയ നേതാക്കളെ കൊല്ലാൻ പദ്ധതിയിടുന്നതും വ്യക്തമായെന്നും കോടതി വ്യക്തമാക്കി.

2003ന്റെ അവസാന മാസങ്ങളിലാണ് ഇഖ്ബാൽ ഭട്കൽ, റിയാസ് ഭട്കൽ, മൊഹമ്മദ് സിദ്ധിബാപ്പ സരാർ, യാസിൻ ഭട്കൽ തുടങ്ങിയവർ ചേർന്ന് നിരോധിത ഭീകര സംഘടനയായ ഇന്ത്യൻ മുജാഹിദീന് രൂപം നൽകിയത്. മറ്റൊരു നിരോധിത ഭീകര സംഘടനയായ സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുമായി (സിമി) ബന്ധം പുലർത്തിയിരുന്നവരാണ് ഇവർ. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഭീകര സംഘടന രുപീകരിക്കപ്പെട്ടത്.

Related Articles

Latest Articles