അന്യസംസ്ഥാന തൊഴിലാളികൾ അഥവാ പിണറായി സർക്കാർ ‘അതിഥി തൊഴിലാളികളെന്ന് ഓമനപ്പേരിട്ട് വിളിക്കുന്നവരെ സംബന്ധിച്ചടുത്തോളം തഴച്ചു വളരാൻ കേരളം വളക്കൂറുള്ള നല്ല ഒന്നാന്തരം മണ്ണായി മാറിക്കഴിഞ്ഞു. കൃത്യമായ രേഖകളില്ലാതെ ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലേക്ക് ജോലി തേടി കുടിയേറിയിരിക്കുന്നത്. കേരളത്തിലെ മുക്കും മൂലയും ഇവർ കീഴടക്കി എന്ന് തന്നെ പറയേണ്ടി വരും. കവലകളിൽ രാവിലെയുള്ള ഇവരുടെ കൂട്ടം കാണുമ്പോൾ ഇത് കേരളമാണോ എന്നു പോലും നാം മറന്നു പോകും.
2030 ഓടെ കേരളത്തിലെ അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം 60 ലക്ഷമായി ഉയരും എന്നാണ് വിലയിരുത്തപ്പെടുന്നത്. ആ സമയത്ത് കേരളത്തിലെ ജനസംഖ്യ 3.60 കോടിയായിരിക്കും എന്നാണ് കണക്കാക്കപ്പെടുന്നത്. 2017-18ല്‍ കേരളത്തില്‍ 31.4 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളായിരുന്നു ഉണ്ടായിരുന്നത്.
ചെറുപ്പക്കാർ മാത്രമല്ല കേരളത്തിൽ എത്തുന്നത്. സ്വന്തം നാടുപേക്ഷിച്ച് മികച്ച ഒരിടം തേടി അലയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് കേരളം വളക്കൂറുള്ള മണ്ണാണ്. കേരളത്തില്‍ കുടുംബമായി കഴിയുന്ന ഇതര സംസ്ഥാനക്കാരുടെ എണ്ണവും വർധിക്കുകയാണ്. ജോലിക്കായെത്തുന്നവർക്ക് പുറമെ ഇവര്‍ക്കിടയില്‍ ക്രിമിനലുകള്‍ എത്താനും സാധ്യതയുണ്ട്. കേരളത്തില്‍ പ്രതിദിനം തൊഴിലാളിക്ക് 500 മുതൽ 1000 രൂപ വരെ കൂലി കിട്ടും. അവരുടെ നാട്ടിൽ അത് 300ല്‍ താഴെയാണ്. കൂലിയിലുള്ള ഈ വലിയ അന്തരമാണ് കേരളത്തിലേക്ക് ഇവരെ ആകർഷിക്കുന്നത്. എന്നാൽ കൃത്യമായ വിവരങ്ങൾ ഇല്ലാതെ നുഴഞ്ഞുകയറുന്നവരുമുണ്ട്. ഇതൊന്നും അന്വേഷിക്കാതെ അന്യസംസ്ഥാന തൊഴിലാളിയെന്ന പേരല്ലാതെ അതിഥി തൊഴിലാളിയെന്ന ലേബൽ നൽകി ഏവരെയും ഇരുകയ്യും നീട്ടി സ്വീകരിക്കുമ്പോൾ കേരളീയ ജനത കൂടി അതിന് വലിയ വില നൽകേണ്ടി വരുമെന്ന് തെളിയിക്കുന്ന അവസാനത്തെ സംഭവമാണ് ഇന്നലെ എലത്തൂരിൽ ആലപ്പുഴ – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ യാത്രക്കാരുടെ മേൽ പെട്രോളൊഴിച്ച് തീ കൊളുത്തിയ സംഭവം. ഉത്തരേന്ത്യൻ സ്വദേശിയായ ഷാറൂഖ് സെയ്ഫിയാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

