Saturday, May 11, 2024
spot_img

ഇന്ത്യൻ വെറ്ററൻ ക്രിക്കറ്റ് താരം ശിഖർ ധവാന് വിവാഹ മോചനം അനുവദിച്ച് കോടതി ! ഭാര്യയിൽ നിന്ന് ധവാന് ക്രൂരതയും മാനസികമായ യാതനകളും അനുഭവിക്കേണ്ടി വന്നുവെന്ന് കോടതി നിരീക്ഷണം

ദില്ലി : ഇന്ത്യൻ വെറ്ററൻ ക്രിക്കറ്റ് താരം ശിഖർ ധവാന് ദില്ലി പട്യാല ഹൗസ് കോംപ്ലക്സിലെ കുടുംബ കോടതി വിവാഹമോചനം അനുവദിച്ചു. പിരിഞ്ഞു കഴിയുന്ന ഭാര്യ അയേഷ മുഖർജിയിൽനിന്ന് ധവാൻ ക്രൂരതയും മാനസികമായ യാതനകളും അനുഭവിക്കേണ്ടിവന്നതായും ഏകമകനിൽനിന്നു വേർപെട്ടു ജീവിക്കുന്ന ധവാനെ ഭാര്യ സമ്മർദത്തിലാക്കിയതായും കോടതി വ്യക്തമാക്കി.

വിവാഹ മോചനം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ധവാൻ ഭാര്യയ്ക്കെതിരായി ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്നു കോടതി കണ്ടെത്തി. ഭാര്യ മാനസികമായ ക്രൂരതയ്ക്ക് ഇരയാക്കിയതായി ധവാൻ കോടതിയിൽ പരാതിപ്പെട്ടിരുന്നു. 2012 ഒക്ടോബറിലാണ് അയേഷ മുഖർജിയും ധവാനും വിവാഹിതരായത്. ആദ്യ വിവാഹത്തിൽ അയേഷയ്ക്കു രണ്ടു പെൺമക്കളുണ്ട്.വിവാഹമോചനം അനുവദിച്ചെങ്കിലും ധവാന്റെയും അയേഷയുടേയും മകൻ ആർക്കൊപ്പം ജീവിക്കുമെന്ന കാര്യത്തിൽ കോടതി നിലപാടെടുത്തില്ല. മകനെക്കാണാനും ആവശ്യമുള്ളപ്പോൾ വിഡിയോ കോൾ ചെയ്യാനുമുള്ള അനുവാദം ധവാന് കോടതി നൽകിയിട്ടുണ്ട്. കൂടാതെ സ്കൂൾ അവധിക്കാലത്തിന്റെ പകുതി സമയം കുട്ടിയെ ഇന്ത്യയിലെ ധവാന്റെ കുടുംബത്തോടൊപ്പം കഴിയാൻ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. നിലവിൽ മക്കൾക്കൊപ്പം ഓസ്ട്രേലിയയിലാണ് അയേഷ മുഖര്‍ജി താമസിക്കുന്നത്.

Related Articles

Latest Articles