ഹൈദരാബാദ് : അരവിന്ദ് കേജ്‌രിവാളിനെതിരെ തുറന്നടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണയും കാലാവധി പൂർത്തിയാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. മൂന്നാം തവണ നരേന്ദ്ര മോദി പ്രധാനമന്ത്രിയായാലും 75 വയസ്സാകുമ്പോൾ അദ്ദേഹം വിരമിക്കുമെന്ന മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മോദിജിക്ക് 75 വയസ്സ് തികയുന്നതിൽ സന്തോഷിക്കേണ്ട കാര്യമില്ലെന്ന് ഞാൻ അരവിന്ദ് കേജ്‌രിവാളിനോടും ഇന്ത്യ സഖ്യത്തോടും പറയുകയാണ്. മോദിജിക്ക് പ്രധാനമന്ത്രിയാകാൻ കഴിയില്ലെന്ന് ബിജെപിയുടെ ഭരണഘടനയിൽ എഴുതിയിട്ടില്ല. അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയാവുകയും കാലാവധി പൂർത്തിയാക്കുകയും ചെയ്യുമെന്നും അമിത് ഷാ വ്യക്തമാക്കി.
അതേസമയം, അരവിന്ദ് കേജ്‍രിവാളിന് മറുപടിയുമായി ബിജെപി വക്താവ് സുധാംശു ത്രിവേദിയും രംഗത്തെത്തിയിട്ടുണ്ട്. മദ്യപിച്ചാല്‍ നിയന്ത്രണം നഷ്ടമായി ചിലര്‍ സത്യം പറയുമെന്ന് തെളിഞ്ഞിരിക്കുകയാണ്. മോദി തന്നെയാകും അധികാരത്തില്‍ വരികയെന്ന് കേജ്‌രിവാള്‍ സമ്മതിച്ചു. എന്നാൽ താന്‍ വീണ്ടും ജയിലില്‍ പോയാല്‍ ആര് മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പറയുന്നില്ലെന്നും സുധാംശു ത്രിവേദി പരിഹസിച്ചു. നരേന്ദ്ര മോദി വീണ്ടു പ്രധാനമന്ത്രിയായാൽ അടുത്ത വർഷം അദ്ദേഹം സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുമെന്നും പകരം അമിത് ഷാ പ്രധാനമന്ത്രിയാകുമെന്നുമായിരുന്നു കേജ്‌രിവാളിന്റെ പ്രസ്താവന.

