Monday, May 6, 2024
spot_img

കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയുടെ ലബോറട്ടറികളിൽ നിന്നുതന്നെയെന്ന് ആവർത്തിച്ച് അമേരിക്കൻ ഊർജ്ജ മന്ത്രാലയത്തിന്റെ റിപ്പോർട്ട് ! കോവിഡ് വൈറസ് ജൈവായുധ പദ്ധതിയുടെ ഭാഗമോ ?

ദില്ലി: കോവിഡ് 19 ന്റെ ഉത്ഭവം ചൈനീസ് ലബോറട്ടറികളിൽ നിന്നുതന്നെയെന്ന് ആവർത്തിച്ച് അമേരിക്കൻ ഊർജ്ജവകുപ്പ്. വാൾസ്ട്രീറ്റ് ജേർണലാണ് പഠന വിവരങ്ങൾ പുറത്ത്‌വിട്ടത്. വൈറ്റ് ഹൗസിനും അമേരിക്കൻ കോൺഗ്രസിലെ പ്രമുഖാംഗങ്ങൾക്കും രഹസ്യസ്വഭാവമുള്ള റിപ്പോർട്ടിലാണ് ചൈനീസ് ലാബോറട്ടറികളിൽ നിന്നുണ്ടായ മഹാമാരിയെക്കുറിച്ചുള്ള വിശദാംശങ്ങളുള്ളത്. കോവിഡിന്റെ ഉത്ഭവം സംബന്ധിച്ച വിവിധ പഠനങ്ങളുടെ കണ്ടെത്തലുകൾ റിപ്പോർട്ടിൽ വിലയിരുത്തിയിട്ടുണ്ടെങ്കിലും ലാബിൽ നിന്ന് തന്നെയാണ് വൈറസ് ഉത്ഭവിച്ചതെന്ന കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. അതേസമയം കോവിഡ് വൈറസിന്റെ ഉത്ഭവം ചൈനയുടെ ജൈവായുധ പദ്ധതിയുടെ ഭാഗമല്ലെന്നും അമേരിക്ക വിലയിരുത്തുന്നു.

കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് നിരവധി കണ്ടെത്തലുകൾ നിലവിലുണ്ടെങ്കിലും ഇപ്പോഴും വിഷയം പഠനങ്ങൾക്കും ചർച്ചകൾക്കും വിധേയമാകുന്നുണ്ട്. യഥാർത്ഥ ഉറവിടം ഇപ്പോഴും അജ്ഞാതമാണെങ്കിലും മൃഗങ്ങളിലാണ് വൈറസിന്റെ ഉത്ഭവമെന്നും അത് പതിയെ മനുഷ്യരിലേക്ക് പടർന്നതാണെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്. രോഗബാധ ആദ്യം കണ്ടെത്തിയ ചൈനീസ് നഗരമായ വുഹാൻ ലാബ് പരീക്ഷണങ്ങളുടെ വേദിയായതിനാലാണ് പരീക്ഷണ ലാബുകളിൽ നിന്നാണ് വൈറസ് ഉത്ഭവിച്ചതെന്ന് വിദഗ്ദ്ധർ സംശയിക്കാൻ കാരണം. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പോലുള്ള സ്ഥാപനങ്ങൾ അതുകൊണ്ടുതന്നെ സംശയത്തിന്റെ നിഴലിലായിരുന്നു. ആരോപണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാൻ 2021 ൽ തന്നെ അമേരിക്കൻ ഭരണകൂടം രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ലോകാരോഗ്യ സംഘടനയും ഇത് സംബന്ധിച്ച അന്വേഷണത്തിലാണ്.

ഇത് സംബന്ധിച്ച ദുരൂഹത നീക്കേണ്ടത് ഭാവിയിൽ ഇത്തരം മഹാമാരികളെ പ്രതിരോധിക്കുന്നതിന് അത്യാവശ്യമാണ് എന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. 2021 ൽ തന്നെ സംഘടന ഇതുസംബന്ധിച്ച പഠനത്തിനായി വിദഗ്ദ്ധ സംഘത്തെ വുഹാനിലേക്കയച്ചിരുന്നു എന്നാൽ ചൈന അന്വേഷണത്തോട് കാര്യമായി സഹകരിച്ചിരുന്നില്ല. അതേസമയം കൊറോണ വൈറസിന്റെ ഉത്ഭവം ലാബിൽ നിന്നാണെന്ന അന്നത്തെ അമേരിക്കൻ പ്രസിഡന്റ് അടക്കമുള്ളവരുടെ ആരോപണം ചൈന നിരന്തരമായി നിരസിച്ചുവരികയായിരുന്നു.

Related Articles

Latest Articles