Monday, May 13, 2024
spot_img

തിരുവനന്തപുരത്ത് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും ; കോവിഡ് വ്യാപനം അതിസങ്കീർണം; ആശങ്കയിൽ ജനം

തിരുവനന്തപുരം : ജില്ലയിൽ സൊമാറ്റോ ഡെലിവറി ബോയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. നഗരത്തിലെ എല്ലാ ഡെലിവറി ബോയ്‌സിനും ആന്റിജന്‍ ടെസ്റ്റുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. തലസ്ഥാനനഗരിയിൽ കോവിഡ് വ്യാപനം അതി സങ്കീർണമാണെന്നും മന്ത്രി അറിയിച്ചു. നമ്മളെല്ലാവരും ഒരു അഗ്നി പർവ്വതത്തിന് മുകളിലാണെന്നത് ഓർക്കണം. അത് എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം . സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് കരുതാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി .

അതേസമയം, നഗരം ട്രിപ്പിൾ ലോക് ഡൗണിലേക്ക് കടക്കില്ലെന്ന് മന്ത്രി പറഞ്ഞു. ജനങ്ങളിൽ അത് കൂടുതൽ ഭീതിയുണ്ടാക്കുമെന്നതിനാൽ ഒഴിവാക്കാം എന്ന് മന്ത്രി വിശദീകരിച്ചു. കുന്നത്തുകാല്‍ സ്വദേശിയായ സൊമാറ്റോ ജീവനക്കാരനാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.

ഇയാള്‍, പാളയം മത്സ്യമാര്‍ക്കറ്റിന് പിന്നിലെ ലോഡ്ജിലായിരുന്നു താമസം. നഗരത്തിലെ പലപ്രധാന ഹോട്ടലുകളില്‍ നിന്നും മിക്ക സ്ഥലങ്ങളിലേക്കും ഭക്ഷണം വിതരണം ചെയ്തിട്ടുണ്ട്. ബുധനാഴ്ചയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളിലും ഇയാള്‍ ഭക്ഷണം എത്തിച്ചിട്ടുണ്ട്. ഇത്തരത്തില്‍ രോഗം പിടിപ്പെട്ടാതാകാമെന്നാണ് പ്രാഥമിക നിഗമനം. അതുകൊണ്ട് തന്നെ ഓണ്‍ലൈന്‍ ഡെലിവറി ബോയ്‌സ് കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Latest Articles