Wednesday, January 7, 2026

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 3275 പേര്‍ക്ക് കൊവിഡ്, 55 മരണം: രണ്ടാഴ്ചക്കുള്ളില്‍ ദില്ലിയിൽ കോവിഡ് കേസുകള്‍ ഇരട്ടിയാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 3275 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതര്‍ 4,30,91,393ആയി. ഇന്നലെ മാത്രം 55 പേര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. രാജ്യത്തെ ഔദ്യോഗിക കൊവിഡ് മരണം 5,23,975ആണ്.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്‌ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.07 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.70 ശതമാനം. 3,000 പേര്‍ 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായി. ആകെ രോഗമുക്തരുടെ എണ്ണം 4,25,47,699.

അതേസമയം, രണ്ടാഴ്ചക്കുള്ളില്‍ ദില്ലിയിൽ കോവിഡ് കേസുകള്‍ ഇരട്ടിയാകുമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. പരിശോധന കുറഞ്ഞതാണ് ഇപ്പോള്‍ കേസുകള്‍ കുറഞ്ഞ് നില്‍ക്കുന്നതിന് കാരണം. രോഗലക്ഷണമില്ലാത്തവരെയും പരിശോധനക്ക് വിധേയമാക്കണമെന്നാണ് വിദഗ്ധരുടെ ആവശ്യം.

മൂന്നാഴ്ചയായി ആയിരത്തിന് മുകളിലാണ് ഡല്‍ഹിയിലെ കോവിഡ് കേസുകള്‍. രോഗലക്ഷണമുള്ളവരെ മാത്രം പരിശോധനക്ക് വിധേയമാക്കുന്നത് കൊണ്ടാണ് കേസുകള്‍ കുറയുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലക്ഷണമില്ലാത്ത നിരവധി രോഗികള്‍ സംസ്ഥാനത്തുണ്ടാകാം. അവരില്‍ നിന്നും നിരവധി പേര്‍ക്ക് രോഗം പടരാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഉയരുമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ തരംഗങ്ങളിലേത് പോലെ കേസുകള്‍ കുത്തനെ ഉയര്‍ന്നതിന് ശേഷം പിന്നീട് കുറവുണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

ഒമിക്രോണിന്‍റെ പുതിയ വകഭേദമാണ് ദില്ലിയിൽ വ്യാപിച്ചരിക്കുന്നത്. എന്നാല്‍ ചെറിയ രോഗലക്ഷണം മാത്രമുള്ള ഇവ അപകടകാരികളല്ലെന്നും ഡോക്ടര്‍മാര്‍ അഭിപ്രായപെടുന്നുണ്ട്. കോവിഡ് പോസിറ്റീവായ രോഗിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരെ പരിശോധിക്കണമെന്നാണ് വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്ന നിര്‍ദേശം. ആള്‍ക്കൂട്ടങ്ങളുണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും നിർദ്ദേശമുണ്ട്.

Related Articles

Latest Articles