Tuesday, June 18, 2024
spot_img

“ഇത് നിരുത്തരവാദിത്വവും അനാസ്ഥയും, കോളേജുകൾ അടച്ചിടണം”; പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ്

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് (NSS Against Pinarayi Government). കോവിഡ് അതിതീവ്രമായ പടർന്നുപിടിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും കോളേജുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകിയതിനെതിരെയാണ് വിമർശനവുമായി എൻഎസ്എസ് രംഗത്തെത്തിയത്.
കോളേജിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്താലും പരീക്ഷകൾ മാറ്റി വയ്ക്കാനോ കോളേജ് അടയ്‌ക്കാനോ അധികാരികൾ തയ്യാറാകുന്നില്ല. ഇത് പ്രതിഷേധാർഹമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പ്രസ്താവനയിലൂടെ പറഞ്ഞു. കോവിഡും ഒമിക്രോണും ഭീതിപരത്തിക്കൊണ്ട് സമൂഹത്തിൽ വ്യാപിക്കുകയാണ്.

അതോടൊപ്പം മരണനിരക്കും ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. ഇതിനെല്ലാം കാരണം സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള നിരുത്തരവാദിത്വപരമായ അനാസ്ഥയാണെന്ന് എൻഎസ്എസ് പറഞ്ഞു. കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ കോളേജുകളിൽ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് ക്ലാസുകളും പരീക്ഷകളും നടത്തുന്നത്.

കോളേജിൽ എത്തുന്ന വിദ്യാർത്ഥികളും അദ്ധ്യാപകരും നല്ലൊരു ശതമാനം രോഗബാധിതരാണ്. ഇവരിൽ രോഗലക്ഷണങ്ങൾ ഉണ്ടായിട്ട് പോലും പരീക്ഷകൾ മാറ്റി വെക്കാനോ കോളേജ് അടച്ചിടാനോ അധികാരികൾ തയ്യാറാകുന്നില്ല. ഇതിനുപിന്നാലെ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനും അനുമതി നൽകിയിട്ടുണ്ട്. സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ഈ നിസ്സംഗതയെ ഭയത്തോടെ മാത്രമേ കാണാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോവിഡ് നിയന്ത്രണവിധേയമാകുന്നത് വരെ പരീക്ഷകൾ മാറ്റിവയ്‌ക്കുകയും കോളേജ് അടച്ചിടുകയും വേണമെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ആവശ്യപ്പെട്ടു.

Related Articles

Latest Articles