Saturday, May 18, 2024
spot_img

വൈറസില്‍ നിന്നും വാക്സിനിലേക്ക്; രാജ്യത്ത് വാക്സീന്‍ വിതരണം ശനിയാഴ്ച മുതല്‍; കേരളത്തിൽ 133 കേന്ദ്രങ്ങൾ

ദില്ലി: രാജ്യത്ത് കോവിഡ് വാക്സീന്‍ വിതരണം ഈ മാസം 16 മുതല്‍ ആരംഭിക്കും. പ്രധാനമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം. കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍, ആരോഗ്യമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുത്തു.

രാജ്യത്തെ 3 കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നല്‍കുക. കേരളത്തിൽ 133 വാക്സീന്‍ കേന്ദ്രങ്ങള്‍ ആണുണ്ടാകുക. എറണാകുളം 12, തിരുവനന്തപുരം, കോഴിക്കോട് 11 വീതം, മറ്റുജില്ലകള്‍ 9 വീതം. ആദ്യദിനം 13,300 പേര്‍ക്ക് വാക്സീന്‍ നല്‍കും. ഓരോ കേന്ദ്രത്തിലും നൂറുപേര്‍ വീതമായിരിക്കും വാക്സിൻ വിതരണം നടത്തുക.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കൊവിഡ് 19 വാക്സിൻ വിതരണത്തിനുള്ള ഒരുക്കങ്ങളുടെ പുരോഗതി വിലയിരുത്താനായിരുന്നു ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നത്. രാജ്യത്ത് ഡിസിജിഐ രണ്ട് കൊവിഡ് 19 വാക്സിനുകള്‍ക്ക് അനുമതി നല്‍കി ദിവസങ്ങള്‍ക്കു ശേഷമാണ് സര്‍ക്കാര്‍ വാക്സിൻ വിതരണത്തിൻ്റെ തീയതി പ്രഖ്യാപിക്കുന്നത്.

ആദ്യ ഘട്ട വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് രണ്ടു തവണ ഡ്രൈ റണ്‍ നടത്തിയിരുന്നു. വാക്‌സിന്‍ വിതരണത്തിന് മുന്‍പായി പ്രധാനമന്ത്രി സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഈ മാസം 11ന് ചര്‍ച്ച നടത്തും. അതേസമയം സംസ്ഥാനത്ത മൂന്നര ലക്ഷത്തോളം പേര്‍ വാക്സിനു വേണ്ടി രജിസ്റ്റര്‍ ചെയ്തതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

Related Articles

Latest Articles