Thursday, May 16, 2024
spot_img

കോവിഡ് വാക്സിൻ കുത്തിവയ്പ്പ്: ആദ്യഘട്ടം നാളെ മുതല്‍; കേരളം സജ്ജം; വിതരണം 133 കേന്ദ്രങ്ങളിൽ

തിരുവനന്തസപുരം: സംസ്ഥാനത്തെ കോവിഡ്-19 വാക്സിൻ കുത്തിവയ്പ്പിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായി വരുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. എല്ലാ കേന്ദ്രങ്ങളിലും കോവിഡ് വാക്സിനേഷനായി വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടക്കുന്നത്. എറണാകുളം ജില്ലയിൽ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 11 കേന്ദ്രങ്ങൾ വീതവും ഉണ്ടാകും. ബാക്കി ജില്ലകളിൽ 9 കേന്ദ്രങ്ങൾ വീതമാണ് ഉണ്ടാകുക.

വാക്സിനേഷനായി സംസ്ഥാനത്ത് 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തത്. വിവിധ ജില്ലകളിലായി 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്‍ നടക്കുന്നത്. എറണാകുളം ജില്ലയില്‍ 12 കേന്ദ്രങ്ങളും തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 കേന്ദ്രങ്ങള്‍ വീതവും ബാക്കി ജില്ലകളില്‍ ഒന്‍പത് കേന്ദ്രങ്ങള്‍ വീതമാണ് സജ്ജമാക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്‌.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാക്സിനേഷന്‍ സംഘടിപ്പിക്കുന്നത്.

നൽകുന്നത് 0.5 എം.എൽ. കോവീഷീൽഡ് വാക്സിൻ

ഓരോ ആൾക്കും 0.5 എം.എൽ. കോവീഷീൽഡ് വാക്സിനാണ് കുത്തിവയ്പ്പിലൂടെ നൽകുന്നത്. ആദ്യ ഡോസ് എടുത്തു കഴിഞ്ഞാൽ 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നൽകുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.

വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ഇങ്ങനെ

വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെയിറ്റിങ് റൂം, വാക്സിനേഷന്‍ റൂം, ഒബ്സര്‍വേഷന്‍ റൂം എന്നിങ്ങനെ മൂന്ന് മുറികളാണുണ്ടാകുക. വാക്സിനേഷനായി അഞ്ച് ഉദ്യോഗസ്ഥര്‍ഉണ്ടാകും. ഒന്നാമത്തെ ഉദ്യോഗസ്ഥന്‍ വാക്‌സിനേഷനെടുക്കുന്നവരുടെ ഐഡന്റിറ്റി കാര്‍ഡ് വെരിഫിഫൈ ചെയ്തശേഷമാണു വെയിറ്റിങ് റൂമിലേക്കു പ്രവേശിപ്പിക്കുക. പൊലീസ്, ഹോം ഗാര്‍ഡ്, സിവില്‍ ഡിഫെന്‍സ്, എന്‍.സി.സി. വിഭാഗങ്ങളിലുള്ള ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ കോവിന്‍ ആപ്ലിക്കേഷന്‍ നോക്കി വെരിഫൈ ചെയ്യും. മൂന്നും നാലും ഉദ്യോഗസ്ഥര്‍ ക്രൗഡ് മാനേജ്മെന്റ്, ഒബ്സര്‍വേഷന്‍ മുറിയിലെ ബോധവത്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ നിര്‍വഹിക്കും. വാക്സിനേറ്റര്‍ ഓഫീസറാണ് വാക്സിനേഷന്‍ എടുക്കുന്നത്.

ഒബ്സർവേഷൻ നിർബന്ധം

വാക്സിൻ എടുത്തു കഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും ഒബ്സർവേഷനിലിരിക്കണം. എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് അവിടത്തെ ഉദ്യോഗസ്ഥൻ ബോധവത്ക്കരണം നൽകും. വാക്സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനവും ലഭ്യമാക്കും. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കിൽ പോലും അത് പരിഹരിക്കും. അടിയന്തര ചികിത്സയ്ക്കായി എല്ലാ കേന്ദ്രങ്ങളിലും എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ചെറുതും വലുതുമായ എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാനുള്ള നടപടികൾ അപ്പോൾ തന്നെ സ്വീകരിക്കുന്നതാണ്. അതിനാലാണ് 30 മിനിറ്റ് നിരീക്ഷണം നിർബന്ധമാക്കുന്നത്.

കുത്തിവയ്പ് എവിടെനിന്ന്

രജിസ്റ്റര്‍ ചെയ്ത ആള്‍ എവിടെയാണ് വാക്സിന്‍ എടുക്കാന്‍ പോകേണ്ടതെന്ന കാര്യം എസ്.എം.എസായി ലഭിക്കും. അതനുസരിച്ചാണ് സമയം നിശ്ചയിച്ച്‌ അവര്‍ വാക്സിനേഷന്‍ കേന്ദ്രത്തിലെത്തേണ്ടത്. ആദ്യ ദിവസം ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വാക്സിന്‍ നല്‍കുക.

Related Articles

Latest Articles