Monday, April 29, 2024
spot_img

ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകളുമായി NIA; “ത്രീമ ആപ്പ്” ഭീകരരുടെ ഒളിത്താവളം; സ്വകാര്യതയിൽ ഒന്നാമൻ

ദില്ലി: സ്വകാര്യത സംബന്ധിച്ച ആശങ്കയുള്ളതിനാല്‍ നിരവധി ആളുകൾ വാട്ട്‌സ്ആപ്പിൽ നിന്ന് ടെലഗ്രാമിലേക്കും സിഗ്നലിലേക്കും ചുവടുമാറ്റുകയാണ്. അതിനിടയിൽ സ്വകാര്യത ഉറപ്പാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന മറ്റൊരു ആപ്പിനെ കുറിച്ചുള്ള വിവര‌ങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ് ഭീകരര്‍ സന്ദേശങ്ങള്‍ കൈമാറാന്‍ ഉപയോഗിക്കുന്നത് ഇതിനേക്കാളെല്ലാം സുരക്ഷിതവും ശക്തമവുമായ ത്രീമ എന്ന മെസ്സേജിംഗ് പ്ലാറ്റ്‌ഫോമാണെന്ന് ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ഐഎ)യുടെ അന്വേഷണത്തില്‍ കണ്ടെത്തി. ബെംഗളൂരു ഡോക്ടറുടെ കേസുമായി ബന്ധപ്പെട്ട് എൻഐഎ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖും സിറിയയും തമ്മിലുള്ള കേസ് അന്വേഷണത്തിൽ അറസ്റ്റിലായ ജഹൻ‌സായിബ് സമി വാനിയും ഭാര്യ ഹിന ബഷീർ ബീഗവും ബെംഗളൂരു സ്വദേശിയായ ഡോക്ടർ അബ്ദുർ റഹ്മാനുമായി ത്രീമ വഴിയാണ് ബന്ധപ്പെട്ടിരുന്നതെന്ന് എൻഐഎ കണ്ടെത്തി. കഴിഞ്ഞ വർഷം മാർച്ചിലാണ് വാനിയും ഹിനയും അറസ്റ്റിലായത്. അടുത്തകാലം വരെ ഇന്ത്യയിലും വിദേശത്തുമുള്ള ഐഎസ്ഐഎസ് തീവ്രവാദികളുമായി റഹ്മാൻ പതിവായി ആശയവിനിമയം നടത്തിയിരുന്നത് ‘ത്രീമ’ വഴിയാണെന്ന് അന്വേഷണസംഘം പറയുന്നു.

2013 ഡിസംബറിലാണ് റഹ്മാൻ‍ സിറിയയിൽ നിന്ന് മടങ്ങിയത്തിയത്. നിരോധിത തീവ്രവാദ ഗ്രൂപ്പിനായി ലേസർ ഗൈഡഡ് മിസൈൽ സംവിധാനം വികസിപ്പിക്കുന്നതിന് വൈദ്യപരിജ്ഞാനം ദുരുപയോഗം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചപ്പോഴാണ് ത്രീമ എന്ന ആപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ വീണ്ടും ചർച്ചയായത്.

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവർ ഇത്തരം പ്ലാറ്റ്‌ഫോമുകളാണ് ഉപയോഗിക്കുന്നത്. ത്രീമ ആപ്പും അതിന്റെ ഡെസ്‌ക്ടോപ്പ് വെർഷനുമാണ് ഭീകരർ കൂടുതലായി പ്രയോജനപ്പെടുത്തുന്നത്. ത്രീമയിൽ നിന്നും അയയ്ക്കുന്ന മെസേജുകളുടെയോ കോളുകളുടെയോ ഉറവിടം കണ്ടെത്താൻ സാധിക്കില്ല.

മറ്റ് പല ആപ്പിൽ നിന്നും വ്യത്യസ്തമായി ത്രീമയിൽ അക്കൗണ്ട് തുടങ്ങുമ്പോൾ ഉപഭോക്താക്കൾ ഇമെയിൽ ഐഡിയോ , ഫോൺ നമ്പറോ ഒന്നും നൽകേണ്ടതില്ല. ത്രീമയിൽ കോൺടാക്റ്റുകളും മെസേജുകളും സേവ് ചെയ്യുന്നത് പോലും ഉപഭോക്താവിന്റെ ഡിവൈസിലാണ്. സേർവറിൽ ഒന്നും സേവ് ചെയ്യപ്പെടുന്നില്ല. കോൺടാക്ടുകളും മെസേജുകളും ഉപയോഗിക്കുന്ന ഡിവൈസിൽ തന്നെയാണ് സ്‌റ്റോർ ചെയ്യുന്നത്. സെർവറിൽ സ്‌റ്റോർ ചെയ്യാത്ത മെസേജുകളുടെ ഉറവിടം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. ഇതിന്റെ ഡെസ്‌ക് ടോപ്പ് വെർഷനിലെ ഐപി അഡ്രസും കണ്ടെത്താനാവില്ല. ടെക്‌സ്റ്റ് മെസേജും വോയ്‌സ് മെസേജും വീഡിയോ കോളും ചെയ്യാൻ സാധിക്കുന്ന ഇത്തരം ആപ്പുകളുടെ ഉപയോഗം ഒരു തരത്തിലും കണ്ടെത്താൻ സാധിക്കില്ല.

ഇതിന് മുൻപും ഇത്തരം ആപ്ലിക്കേഷനുകളെക്കുറിച്ചുള്ള വിവരങ്ങൾ എൻഐഎ കണ്ടെത്തിയിരുന്നു. എൻ‌ഐ‌എ അധികൃതർ വിവരങ്ങൾ പ്രകാരം സ്വിറ്റ്‌സർലൻഡിൽ വികസിപ്പിച്ചെടുത്ത ത്രീമ വളരെ സുരക്ഷിതമായ ഒരു ആപ്പാണ്. ഐഫോൺ, ആൻഡ്രോയിഡ് പതിപ്പുകളിൽ പണമടച്ചാണ് ആപ്പ് ഉപയോ​ഗിക്കാൻ കഴിയുന്നത്.

Related Articles

Latest Articles